വിക്ടർ ടി. തോമസിനു ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം
Friday, July 22, 2016 6:20 AM IST
ഹൂസ്റ്റൺ: കേരള സ്റ്റേറ്റ് സെറിഫെഡ് ചെയർമാനും കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, ജില്ലാ യുഡിഎഫ് ചെയർമാൻ തുടങ്ങിയ പദവികൾ വഹിക്കുന്ന വിക്ടർ ടി. തോമസിനു ഹൂസ്റ്റണിലെ വിവിധ സ്‌ഥലങ്ങളിൽ ഊഷ്മള സ്വീകരണങ്ങൾ നൽകി.

ജൂലൈ 17നു വൈകുന്നേരം മലയാളി അസോസിയേഷൻ ആസ്‌ഥാനമായ കേരള ഹൗസിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക നേതാക്കൾ സംബന്ധിച്ച് ആശംസകൾ നേർന്നു.

19നു വൈകുന്നേരം ഫ്രണ്ട്സ് ഓഫ് തിരുവല്ലായുടെ നേതൃത്വത്തിൽ ശിവാ റസ്റ്ററന്റിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ ഉമ്മൻ തോമസ്, ജോർജ് ഏബ്രഹാം, എസ്.കെ. ചെറിയാൻ, ബ്ലസൻ ഹൂസ്റ്റൺ തുടങ്ങിയവർ പ്രസംഗിച്ചു.

20നു വൈകുന്നേരം 6.30 ന് സ്റ്റാഫോർഡ് സിറ്റി കൗൺസിൽ ഓഫീസ് സന്ദർശിച്ച വിക്ടർ സിറ്റി പ്രോടെം മേയറും മലയാളിയുമായ കെൻ മാത്യു, മറ്റു സിറ്റി ഓഫീഷ്യൽസ് എന്നിവരുമായി ചർച്ച നടത്തി.

കോഴഞ്ചേരി പഞ്ചായത്തിൽ പത്തു വർഷക്കാലം പ്രസിഡന്റായി പ്രവർത്തിച്ച വിക്ടർ, സ്റ്റാഫോർഡ് സിറ്റിയിലെ മാലിന്യ നിർമാർജന പദ്ധതികളെപ്പറ്റിയും ശുദ്ധ ജല വിതരണ പദ്ധതികളെപ്പറ്റിയും ചോദിച്ചറിയുകയും കേരളത്തിൽ പദ്ധതികൾ നടപ്പിലാക്കുന്നതിനെപ്പറ്റിയുളള സാധ്യതകൾ ആരാഞ്ഞു. ഫോമായുടെ സ്‌ഥാപക പ്രസിഡന്റ് ശശിധരൻ നായർ, മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നി എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.

രാത്രി എട്ടിന് പേരങ്ങാട്ട് കുടുംബയോഗം കൺവീനർ ജീമോൻ റാന്നിയുടെ വസതിയിൽ കൂടിയ യോഗത്തിൽ കുടുംബയോഗം പ്രസിഡന്റ് കൂടിയായ വിക്ടർ ടി. തോമസിനെ ഏബ്രഹാം മാത്യുവും ജീമോൻ റാന്നിയും ചേർന്നു പൊന്നാട അണിയിച്ച് ആദരിച്ചു. ട്രിനിറ്റി മാർത്തോമ ഇടവക വികാരി റവ. മാത്യൂസ് ഫിലിപ്പ്, അസി. വികാരി റവ. ഫിലിപ്പ് ഫിലിപ്പ്, ട്രാവിസാ സിഇഒ ജോസഫ് ചാക്കോ, കൺവൻഷൻ പ്രസംഗികൻ ബേബിക്കുട്ടി പുല്ലാട് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ഓഗസ്റ്റ് ഒന്നിനു കേരളത്തിലേക്ക് മടങ്ങുന്ന വിക്ടറിന്, ഷിക്കാഗോ, ന്യൂയോർക്ക്, ന്യൂജേഴ്സി എന്നിവിടങ്ങളിലും സ്വീകരണം ഒരുക്കിയിട്ടുണ്ട്.

വിക്ടർ ടി. തോമസുമായി : 929 433 5714 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ