നമ്മ മെട്രോയിൽ ഇനി മൊബൈൽ വിളി മുഴങ്ങും
Friday, July 22, 2016 5:54 AM IST
ബംഗളൂരു: നമ്മ മെട്രോയുടെ ഭൂഗർഭപാതയിൽ മൊബൈൽ നെറ്റ്വർക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ഉടൻ.

മെട്രോ സ്റ്റേഷനുകളിൽ കബൺ പാർക്ക് മുതൽ സിറ്റി റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭൂഗർഭപാതയിൽ മൊബൈൽ ഫോൺ നെറ്റ്വർക്ക് കിട്ടുന്നില്ലെന്ന് വ്യാപക പരാതികളുയർന്നിരുന്നു. ഒക്ടോബറോടെ എല്ലാ സ്റ്റേഷനുകൾക്കിടയിലും നെറ്റ്വർക്ക് ലഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. നിലവിൽ നെറ്റ്വർക്ക് ഉള്ളിടത്ത് സിഗ്നൽ കൂടുതൽ ശക്‌തമാക്കും.

മെട്രോ സ്റ്റേഷനുകളിലെ മൊബൈൽ നെറ്റ്വർക്കിംഗിനായി ബിഎംആർസിഎൽ ടെൻഡർ വിളിച്ചിരുന്നു.

ടെൻഡറിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. രണ്ടാഴ്ചയ്ക്കകം ലേല നടപടികൾ പൂർത്തിയാക്കുമെന്ന് ബിഎംസിആർഎൽ സിഗ്നലിംഗ് ആൻഡ് ടെലികമ്യൂണിക്കേഷൻസ് ചീഫ് എൻജിനിയർ എ.എസ്. ശങ്കർ അറിയിച്ചു. കരാറുകാർക്ക് അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി മൂന്നുമാസത്തെ സമയം അനുവദിക്കും. ഒന്നാം ഘട്ടത്തിൽ പണി പൂർത്തിയായ 41 മെട്രോ സ്റ്റേഷനുകളിലും നാലു പ്രമുഖ കമ്പനികളുടെ മൊബൈൽ നെറ്റ്വർക്ക് ലഭ്യമാക്കും.