സൗദിയിൽ വ്യാജ സ്വർണാഭരണങ്ങൾ ഇറക്കുമതി ചെയ്യാനുള്ള നീക്കം വിഫലമാക്കി
Thursday, July 21, 2016 8:49 AM IST
ദമാം: ആറുമാസത്തിനിടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ ശ്രമിച്ച 95,000 വ്യാജ സ്വർണാഭരണങ്ങൾ പിടികൂടിയതായി കസ്റ്റംസ് വക്‌താവ് ഈസ അൽ ഈസ അറിയിച്ചു.

സൗദി ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കു ഇറക്കുമതി ചെയ്യുന്ന സ്വർണത്തിനു കസ്റ്റംസ് തീരുവ ഏകീകരിച്ചിട്ടുണ്ട്. വ്യാജ വസ്തുക്കൾ ഇറക്കുമതി ചെയ്തു പിടിക്കപ്പെട്ടാൽ അതിന്റെ യഥാർഥ വിലയുടെ മൂന്നിരട്ടി തുകയാണു പിഴ ഈടാക്കുക.

കസ്റ്റംസ് തീരുവ ഒഴിവാക്കുന്നതിനു മറ്റു മാർഗങ്ങളിലൂടെ സൗദിയിലേക്കു സ്വർണം കടത്തുന്നുണ്ടെന്നു കിഴക്കൻ പ്രവിശ്യാ ചേംബർ ഓഫ് കൊമേഴ്സ് സ്വർണാഭരണ വ്യാപാര സമിതി തലവൻ അബ്ദുൽഗനി അൽ മുഹ്ന പറഞ്ഞു.

എന്നാൽ പടിഞ്ഞാറൻ മേഖലയിലാണു കൂടുതൽ വ്യാജ സ്വർണം വില്പന നടക്കാറുള്ളതെന്നു മക്ക പ്രവിശ്യാ ചേംബർ ഓഫ് കൊമേഴ്സ് സ്വർണാഭരണ വ്യാപാരസമിതി അംഗം അബ്ദുൽ ഗനി അൽസായിഅ് പറഞ്ഞു. മാത്രവുമല്ല ഹജ്‌ജ് ഉംറ തീർഥാടകരാണ് കൂടുതലും വ്യാജ സ്വർണം വാങ്ങി കമ്പളിക്കപ്പെടുന്നവരെന്നും അൽസായിഅ് പറഞ്ഞു.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം