അൾസൂർ തടാകത്തിൽ വീണ്ടും ബോട്ടിംഗ്
Thursday, July 21, 2016 8:20 AM IST
ബംഗളൂരു: മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം അൾസൂർ തടാകത്തിൽ ബോട്ടിംഗ് പുനരാരംഭിക്കുന്നു. ബോട്ടിംഗ് പുനരാരംഭിക്കാൻ കർണാടക സ്റ്റേറ്റ് ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ടിഡിസി) താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇതു സംബന്ധിച്ച നിർദേശം കെഎസ്ടിഡിസി തടാകത്തിന്റെ ചുമതലയുള്ള ബിബിഎംപിക്ക് കൈമാറി. കൂടുതൽ ബോട്ടുകൾ ഉൾപ്പെടുത്തി ബോട്ടിംഗ് സൗകര്യം വിപുലപ്പെടുത്താനാണ് തീരുമാനം. കൂടാതെ വിനോദസഞ്ചാരികൾക്കായി ഫ്ളോട്ടിംഗ് റസ്റ്റോറന്റുകളും ആരംഭിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. 1993–ലാണ് അൾസൂർ തടാകത്തിൽ ബോട്ടിംഗ് ആരംഭിച്ചത്.

2013ൽ കരാർ അവസാനിച്ചതിനെ തുടർന്നാണ് തടാകത്തിലെ ബോട്ടിംഗ് നിർത്തിവച്ചത്. ഈ കരാർ പുതുക്കി ബോട്ടിംഗ് പുനരാരംഭിക്കാനാണ് കെഎസ്ടിഡിസി തീരുമാനിച്ചിരിക്കുന്നത്. സാധാരണ അഞ്ചു വർഷത്തേക്കാണ് കരാർ നല്കുന്നത്. എന്നാൽ ഇനി മുതൽ പത്തോ പതിനഞ്ചോ വർഷത്തേക്ക് ഒരുമിച്ച് കരാർ കൊടുക്കുന്ന കാര്യം കോർപറേഷൻ പരിഗണിക്കുന്നുണ്ട്.

നഗരത്തിലെ പ്രധാനപ്പെട്ട തടാകങ്ങളിലൊന്നായ അൾസൂർ തടാകം ഇന്ന് കടുത്ത മലിനീകരണമാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ തടാകം കൂടുതൽ മലിനപ്പെടാതെയായിരിക്കും ബോട്ടിംഗ് നടത്തുന്നത്. ബോട്ടിംഗ് പുനരാരംഭിക്കുന്നതിനു മുന്നോടിയായി തടാകത്തിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്‌ഥാപിക്കുമെന്ന് ബിബിഎംപി അറിയിച്ചു. വാട്ടർ അതോറിറ്റിയുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും സഹകരണത്തോടെയാണ് നാലുകോടി രൂപ മുതൽമുടക്കിൽ പ്ലാന്റ് സ്‌ഥാപിക്കുന്നത്.