‘ദളിത് യുവാക്കൾക്കു നേരേ നടന്ന അക്രമത്തിൽ പ്രതികളായവരെ ഉടൻ അറസ്റ്റ് ചെയ്യണം’
Thursday, July 21, 2016 7:31 AM IST
ന്യൂഡൽഹി: നഗര മധ്യത്തിൽ ദളിത് യുവാക്കളെ വാഹനത്തിൽ ബന്ധിച്ച് അതിക്രൂരമായി മർദിച്ച സംഭവത്തിൽ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് സലിം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

പശുവിന്റെ തോലുമായി സഞ്ചരിച്ചെന്നാരോപിച്ച് സോമനാഥ് ജില്ലയിലെ ദളിത് യുവാക്കളെ പശു സംരക്ഷകരെന്നു പരിചയപ്പെടുത്തിയ സംഘം വാഹനത്തിൽ ബന്ധിച്ച് അതിക്രൂരമായി മർദിക്കുകയായിരുന്നു. പരസ്യമായി കുറ്റകൃത്യം നടത്തിയ സംഘത്തെ ഉടൻ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുകയും അക്രമത്തിനിരയായവർക്കു നഷ്‌ടപരിഹാരം നൽകുകയും ചെയ്യണം.

ദളിതർക്കു നേരേ ആക്രമണം നടത്തുന്ന ഇത്തരം സംഘങ്ങളുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കണമെന്നും ജനറൽ സെക്രട്ടറി ഗുജറാത്ത് സർക്കാരിനോടാവശ്യപ്പെട്ടു.