അജിത് അയ്യമ്പിള്ളി മികച്ച സംവിധായകൻ, നാടകം നിഴലാട്ടം
Thursday, July 21, 2016 4:39 AM IST
ഫ്ളോറിഡ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ (ഫോമ) ഫ്ളോറിഡയിലെ മയാമിയിൽ വച്ചു നടത്തപ്പെട്ട അഞ്ചാമത് അന്താരാഷ്ട്ര കൺവൻഷനിൽ, കാണികളെ അവേശഭരിതരാക്കിയ നാടകോത്സവത്തിൽ, ‘ആരും പറയാത്ത കഥ‘എന്ന നാടകത്തിലെ അഭിനയത്തിന്, സണ്ണി നൈനാനു (കല്ലൂപ്പാറ) മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ചു. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് നിഴലാട്ടത്തിലെ അഭിനയത്തിനു നാദം കർത്തനാളിനാണ്. മികച്ച സംവിധായകനുള്ള പുരസ്ക്കാരം ലഭിച്ചത് ഡിട്രോയിറ്റിൽ നിന്നുള്ള അജിത് അയ്യമ്പിള്ളിക്കാണ്. (നാടകം: നിഴലാട്ടം). മികച്ച സഹനടനുള്ള അവാർഡ് പ്രിമസ് ജോണിനാണ് (നിഴലാട്ടം). മികച്ച നാടകം നിഴലാട്ടം.

അഞ്ചിൽ നാലു പുരസ്കാരങ്ങളും നേടിക്കൊണ്ട്, ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ കഴിഞ്ഞ കിരീടം നിലനിർത്തി. കഴിഞ്ഞ ഫോമാ കൺവൻഷനും അജിത് അയ്യമ്പിള്ളി തന്നെ സംവിധാനം ചെയ്ത നാടകം, അവാർഡുകൾ വാരിക്കൂട്ടിയിരുന്നു. മിഷിഗണിൽ, ഡിട്രോയിറ്റ് മലയാളി അസോസിയേഷനും കേരളാ ക്ലബിനുമായി നിരവധി നാടകങ്ങൾ അജിത് സംവിധാനം ചെയ്തിട്ടുണ്ട്. അച്ഛന്റെ കലാവാസന അദ്ദേഹത്തിന്റെ മകൻ അദ്വൈതിനും ലഭിച്ചിട്ടുണ്ട്. വീഡിയോ എഡിറ്റിംഗിൽ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട് അദ്വൈത്. പോൾ കുര്യാക്കോസ്, അനിമ അജിത്, സൈജൻ കണിയോടിക്കൽ, റോജൻ തോമസ്, ജെയിൻ മാത്യൂസ് എന്നിവരാണ് ‘നിഴലാട്ടത്തിലെ‘ മറ്റു അഭിനേതാക്കൾ.

നോർത്തമേരിക്കയിലുടനീളം പടർന്നു കിടക്കുന്ന ഫോമായുടെ 65ഓളം അംഗ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത അഞ്ചാമത് അന്താരാഷ്ര്‌ട കൺവൻഷനിൽ പതിനൊന്നു റീജണുകളിൽനിന്നായി നിരവധി പേർ കലാപരിപാടികളിൽ പങ്കെടുത്തിരുന്നു.

<യ> റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്