ഐഎസിന്റെ ശ്രമം യൂറോപ്യൻ ജനതയെ വിഘടിപ്പിക്കാൻ
Wednesday, July 20, 2016 8:22 AM IST
ബെർലിൻ: യൂറോപ്പിലെ മുസ്ലിം ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിൽനിന്നു പരമാവധി അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ പ്രവർത്തനം എന്നു വിലയിരുത്തൽ.

വൂർസ്ബർഗ് ട്രെയിൻ ആക്രമണമാണ് ഇതിനു ഏറ്റവും പുതിയ ഉദാഹരണമായി ലുഡ്വിഗ് മാക്സിമില്യൻ യൂണിവേഴ്സിറ്റിയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

നീസിലെയും ഒർലാൻഡോയിലെയും ആക്രമണങ്ങളുടെ തുടർച്ചയായാണ് ഇതു വിലയിരുത്തപ്പെടുന്നത്. അതേസമയം, ഇതിൽ ഐഎസിന്റെ പൂർണമായ ഇടപെടൽ സ്‌ഥിരീകരിക്കുന്നുമില്ല. നേരിയ ബന്ധമെങ്കിലുമുള്ള ഏത് ആക്രമണത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കുക എന്ന നയം ഐഎസ് സ്വീകരിക്കുന്നു എന്നാണ് അനുമാനം.

വൂർസ്ബർഗിലേതു പോലുള്ള ആക്രമണങ്ങൾ ഐഎസ് അനുഭാവമുള്ള ഒറ്റപ്പെട്ട ആളുകൾ നടത്തുന്നതാവാം. ഇതുവഴി മുസ്ലിം സമൂഹത്തിനെതിരേ പൊതു സമൂഹത്തിന്റെ രോഷം ഉയർത്താനും അതുവഴി മുസ്ലിം സമൂഹത്തെ കൂടെ നിർത്തി അവരെ പൊതുസമൂഹത്തിൽനിന്നു പരമാവധി അകറ്റാനുമുള്ള തന്ത്രമാണു ഐഎസ് പയറ്റുന്നതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ