ഓസ്ട്രിയയിൽ 52 ശതമാനം പേർ ഒക്സിറ്റിനെ എതിർത്തുാ
Wednesday, July 20, 2016 6:23 AM IST
വിയന്ന: ഓസ്ട്രിയയിലെ പ്രമുഖ ദിനപത്രം നടത്തിയ അഭിപ്രായ സർവേയിൽ ഓസ്ട്രിയയിലെ 52 ശതമാനം ജനങ്ങളും യൂറോപ്യൻ യൂണിയനിൽ തുടരണമെന്നു അഭിപ്രായപ്പെട്ടു. അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്ത 30 ശതമാനം പേർ ഒക്സിറ്റ് ആവശ്യപ്പെട്ടപ്പോൾ, 18 ശതമാനം പേർ വ്യക്‌തമായ ഉത്തരം നൽകിയില്ല.

ഒക്സിറ്റ് റഫറാണ്ടം വേണോ? എന്ന ചോദ്യത്തിന് 30 ശതമാനം പേർ വേണമെന്നും 60 ശതമാനം വേണ്ടെന്നും 10 ശതമാനം അറിയില്ല എന്നുമാണ് ഉത്തരം നൽകിയത്. വിദ്യാർഥികളിൽ 77 ശതമാനവും യൂണിയനിൽ തുടരണം എന്ന അഭിപ്രായക്കാരാണ്. പുരുഷന്മാരിൽ 55 ശതമാനം യൂറോപ്യൻ യൂണിയനിൽ തുടരണമെന്നാഗ്രഹിക്കുമ്പോൾ അനുകൂലിക്കുന്ന സ്ത്രീകളുടെ എണ്ണം 49 ശതമാനമാണ്.

50 വയസിനു മുകളിൽ പ്രായമായവരിൽ 60 ശതമാനം യൂണിയനെ അനുകൂലിക്കുമ്പോൾ 26 ശതമാനം പേർ എതിർക്കുന്നു. മുപ്പത്തിയൊന്നിനും അൻപതിനുമിടയിൽ പ്രായമുള്ളവരിൽ 44 ശതമാനം പേർ യൂണിയനെ അനുകൂലിക്കുമ്പോൾ 35 ശതമാനം പേർ വേണ്ടെന്ന അഭിപ്രായക്കാരാണ്. ഇനി 30 വയസുവരെ പ്രായമുള്ളവരിൽ 51 ശതമാനം രാജ്യം യൂണിയനിൽ തുടരണമെന്നും 31 ശതമാനം പേർ യൂറോപ്യൻ യൂണിയൻ വിടണമെന്നും ആഗ്രഹിക്കുന്നു.

തൊഴിലാളികളിൽ 52 ശതമാനം യൂണിയനെ എതിർക്കുമ്പോൾ 34 ശതമാനം മാത്രമാണ് അനുകൂലിക്കുന്നത്. വീട്ടമ്മമാരിൽ 41 ശതമാനം അനുകൂലിക്കുമ്പോൾ 33 ശതമാനം എതിർക്കുന്നു. സർക്കാർ ഉദ്യോഗസ്‌ഥരിൽ 52 ശതമാനം പേർ അനുകൂലിക്കുന്നവരും 28 ശതമാനം പേർ എതിർക്കുന്നവരുമാണ്.

കച്ചവടക്കാരിൽ 63 ശതമാനം പേർ യൂറോപ്യൻ യൂണിയൻ വേണമെന്നു വാദിക്കുമ്പോൾ 24 ശതമാനം വേണ്ട എന്ന് അഭിപ്രായപ്പെടുന്നു. 1800 യൂറോയിൽ കുറവ് ശമ്പളം വാങ്ങുന്നവരിൽ 63 ശതമാനം യൂണിയൻ വേണമെന്നു പറയുമ്പോൾ 39 ശതമാനം എതിർക്കുന്നു.

2550 നും 3299 നും ഇടയിലെ വരുമാനക്കാരിൽ 58 ശതമാനം യൂണിയന് അനുകൂലമായും 30 ശതമാനം എതിരായും അഭിപ്രായപ്പെടുമ്പോൾ 3300 യൂറോയ്ക്ക് മേൽ മാസവരുമാനമുള്ളവരിൽ 68 ശതമാനം രാജ്യം യൂറോപ്യൻ യൂണിയനിൽ തുടരണമെന്നും 26 ശതമാനം വേണ്ടെന്നും വാദിക്കുന്നു.

രാഷ്ട്രീയപാർട്ടികളിൽ ഗ്രീൻ പാർട്ടിയിൽ 91 ശതമാനം അനുകൂലിച്ചു. ഏഴു ശതമാനം എതിർത്തും സോഷ്യലിസ്റ്റ് പാർട്ടിയിൽ 75 ശതമാനം യൂണിയന് അനുകൂലമായും 13 ശതമാനം എതിർത്തും ഡെമോക്രാറ്റുകളിൽ 70 ശതമാനം അനുകൂലിച്ചും 19 ശതമാനം എതിർത്തും അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ തീവ്ര വലത്തുപക്ഷ പാർട്ടിയായ ഓസ്ട്രിയം ഫ്രീഡം പാർട്ടിയിൽ 52 ശതമാനം പേർ രാജ്യം യൂറോപ്യൻ യൂണിയൻ വിടണമെന്നും 29 ശതമാനം വേണ്ടെന്നും വാദിക്കുന്നു.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ