മെൽബണിൽ ഇന്ത്യൻ യുവതി പിഞ്ചുകുഞ്ഞിനെയുംകൊണ്ട് ഫ്ളാറ്റിനു മുകളിൽനിന്നു ചാടി മരിച്ചു
Tuesday, July 19, 2016 9:47 PM IST
മെൽബൺ: ഇന്ത്യക്കാരിയായ യുവതി നാലുമാസം പ്രായമായ കുഞ്ഞിനെയുംകൊണ്ട് കെട്ടിടത്തിനു മുകളിൽനിന്നു ചാടി ജീവനൊടുക്കി. മെൽബണിലെ നതാഷ ചകുവിൽ ഫ്ളാറ്റിൽ താമസിച്ചിരുന്ന സുപ്രജ ശ്രീനിവാസാണ് പിഞ്ചുകുഞ്ഞുമായി ഫ്ളാറ്റിനു മുകളിൽനിന്നു ചാടിയത്. ഇരുവരും സംഭവസ്‌ഥലത്തുവച്ചുതന്നെ മരിച്ചു.

ഭാര്യയും കുഞ്ഞും മരിച്ചതറിഞ്ഞു കുഴഞ്ഞുവീണ സുപ്രജയുടെ ഭർത്താവും ഐടി എൻജിനിയറുമായ ഗന്നാറാം ശ്രീനിവാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് അഞ്ചുവയസുള്ള മറ്റൊരു മകളുംകൂടിയുണ്ട്.

യുവതിയും കുഞ്ഞും ജീവനൊടുക്കിയ സംഭവത്തിനുപിന്നിൽ മറ്റാർക്കും പങ്കുണ്ടെന്നു സംശയിക്കുന്നില്ലെന്നു വിക്ടോറിയ പോലീസ് അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ ബന്ധുക്കൾ ആരംഭിച്ചു.