തുർക്കിയിലെ സംഘർഷം: യൂറോപ്പിലേക്കുള്ള കുടിയേറ്റ പ്രവാഹം വീണ്ടും വർധിപ്പിച്ചേക്കും
Monday, July 18, 2016 8:24 AM IST
അങ്കാറ: സൈനിക അട്ടിമറി ശ്രമത്തെത്തുടർന്നു തുർക്കിയിൽ ഉടലെടുത്ത സംഘർഷാവസ്‌ഥ യൂറോപ്പിലേക്കുള്ള കുടിയേറ്റ പ്രവാഹം വീണ്ടും ശക്‌തമാക്കാൻ സാധ്യത.

അട്ടിമറി ശ്രമം നടത്തിയവരോടു പ്രതികാരം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന ഇസ്ലാമിസ്റ്റുകൾ വ്യാപകമായി തെരുവിൽ ഇറങ്ങിയിരിക്കുകയാണ്. ഇനിയൊരു അട്ടിമറി സാധ്യത പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാരിന്റെ അടിച്ചമർത്തൽ നയവും ശക്‌തമായി തന്നെ മുന്നോട്ടു പോകുന്നു.

ഇങ്ങനെയൊരു സാഹചര്യത്തിൽ, അഭയാർഥികളെ തിരികെ സ്വീകരിക്കാൻ തുർക്കിയുമായി യൂറോപ്യൻ യൂണിയൻ ഒപ്പുവച്ച കരാർ പരാജയപ്പെടാനുള്ള സാധ്യതയാണ് തെളിയുന്നത്.

അഞ്ച് ബില്യൻ യൂറോ തുർക്കിക്ക് സഹായം നൽകിക്കൊണ്ടു നടപ്പാക്കിയ പദ്ധതി ഇതുവരെ വിജയമാണ്. ഇതു പ്രാബല്യത്തിൽ വന്നതോടെ ഗ്രീസിൽ വന്നിറങ്ങുന്ന അഭയാർഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവു രേഖപ്പെടുത്തിയിരുന്നു.

എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ, തുർക്കിയിലേക്കു പോകാൻ സാധിക്കില്ലെന്നും അവിടം സുരക്ഷിതമല്ലെന്നും വാദിക്കാൻ അഭയാർഥികൾക്കു സാധിക്കും. ഇത് അധികൃതർക്ക് നിഷേധിക്കാനും കഴിയാത്ത സ്‌ഥിതിയാണുള്ളത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ