പത്തുദിവസത്തെ ഓണാഘോഷത്തിനൊരുങ്ങി ലൂക്കൻ മലയാളി സമൂഹം
Monday, July 18, 2016 8:21 AM IST
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ലിന്റെ പത്താമത് വാർഷികം പ്രമാണിച്ച് ലൂക്കൻ മലയാളി സമൂഹം പത്തുദിവസത്തെ ഓണാഘോഷത്തിനൊരുങ്ങുന്നു.

പ്രധാന ഓണാഘോഷം സെപ്റ്റംബർ 17നു (ശനി) രാവിലെ 9.30 മുതൽ വൈകുന്നേരം ആറു വരെ പാമേഴ്സ് ടൗൺ സെന്റ് ലോർക്കൻസ് സ്കൂളിലാണ് അരങ്ങേറുക.

സെപ്റ്റംബർ നാലിനു അത്തം നാളിൽ അത്തപ്പൂക്കള മത്സരം, പായസമത്സരം എന്നിവയോടെ ഓണാഘോഷത്തിനു തുടക്കം കുറിക്കും. ആറ്, ഏഴ് തീയതികളിലായി കാർഡ് മത്സരങ്ങളും എട്ടിനു വനിതകൾക്കായുള്ള മത്സരങ്ങളും ഒൻപതിനു കുട്ടികൾക്കായുള്ള ഡ്രോയിംഗ്, പെയിന്റിംഗ്, കളറിംഗ് മത്സരങ്ങളും നടക്കും. 10നു കുട്ടികളുടെ കായിക മത്സരങ്ങളും നടക്കും. 13നു കുട്ടികൾക്കും മുതിർന്നവർക്കുമായി ചെസ് മത്സരവും നടക്കും. 15നു ദമ്പതികൾക്കായി പ്രത്യേക മത്സരങ്ങളും 16നു കുട്ടികളുടെ പ്രസംഗ മത്സരവും മുതിർന്നവർക്കു കവിതാ പരായണ മത്സരവും നടക്കും.

17നു രാവിലെ കായികമത്സരങ്ങൾ, വടംവലി എന്നിവയ്ക്കുശേഷം ഓണസദ്യ വിളമ്പും തുടർന്നു മാവേലി മന്നന് വരവേല്പ്, ഓണപാട്ട്, വഞ്ചിപ്പാട്ട്, തിരുവാതിര, ഓട്ടം തുള്ളൽ, ഓണസ്കിറ്റ്, മാർഗംകളി, ഒപ്പന, കോൽകളി, ശാസ്ത്രീയ നൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസ് തുടങ്ങിയവ അരങ്ങേറുമെന്നു ഭാരവാഹികളായ ഡൊമിനിക് സാവിയോ, റോയി പേരയിൽ, ജയൻ തോമസ് എന്നിവർ അറിയിച്ചു.

ഓണാഘോഷത്തിന്റെ വിജയത്തിനായി രാജു കുന്നക്കാട്ട്, റോയി കുഞ്ചലക്കാട്ട് എന്നിവർ ജനറൽ കൺവീനർമാരായി 33 അംഗ ഓണാഘോഷ പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചു.

വിവരങ്ങൾക്ക്: ഡൊമിനിക് സാവിയോ 087 236 4365, റോയി കുഞ്ചാലക്കാട്ട് 089 231 9427, റെജി കുര്യൻ 087 778 8120.

<ആ>റിപ്പോർട്ട്: രാജു കുന്നക്കാട്ട്