മോർ ഒസ്താത്തിയോസ് ബന്യാമിൻ ജോസഫ് മെമ്മോറിയൽ കാഷ് അവാർഡ്
Monday, July 18, 2016 6:16 AM IST
ഡാളസ്: മഞ്ഞിനിക്കര ദേവാലയത്തിൽ കബറടങ്ങിയിരിക്കുന്ന സിംഹാസന പളളികളുടെ അധിപനായിരുന്ന മോർ ഒസ്താത്തിയോസ് ബന്യാമിൻ ജോസഫിന്റെ സ്മരണാർഥം അമേരിക്കൻ മലങ്കര അതിഭദ്രാസന സൺഡേ സ്കൂൾ പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്‌ഥമാക്കുന്ന കുട്ടിക്ക് 1001 ഡോളർ കാഷ് അവാർഡ് നൽകുന്നതിന് തീരുമാനിച്ചു.

ഇടവക മെത്രാപ്പോലീത്ത യൽദൊ മോർ തീത്തോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭദ്രാസന സെക്രട്ടറി ഫാ. ഗീവർഗീസ് ജേക്കബ്, ബന്യാമിന്റെ സഹോദര പുത്രൻ ബെന്നി പനക്കൽ, മലങ്കര ടിവി ഡയറക്ടർ സുനിൽ മ!ഞ്ഞിനിക്കര എന്നിവർ സംബന്ധിച്ചു.

മലങ്കര സുറിയാനി സഭയുടെ പ്രതിസന്ധിഘട്ടത്തിൽ സത്യവിശ്വാസം നിലനിർത്തുന്നതിനും സഭയുടെ വിശ്വാസാചാരാനുഷ്ഠാനങ്ങൾ പരിരക്ഷിക്കുന്നതിനും അഹോരാത്രം പരിശ്രമിക്കുകയും പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തോടും പരിശുദ്ധ പാത്രിയർക്കീസ് ബാവായോടും വിധേയത്വവും കൂറും ജീവിതാന്ത്യം വരെ നിലനിർത്തുകയും ചെയ്ത ഭാഗ്യ സ്മരണാർഹനായ, ബന്യാമിന്റെ നാമത്തിൽ ഇത്തരത്തിലൊരു അവാർഡ് പ്രഖ്യാപിക്കുവാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും വരും തലമുറക്ക് ഇതൊരു പ്രചോദനമായി തീരട്ടേയെന്നും യൽദോ മോർ തീത്തോസ് ആശംസിച്ചു.

2015 ൽ ഭദ്രാസനാടിസ്‌ഥാനത്തിൽ പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കുട്ടിക്ക് ഈ വർഷത്തെ ഫാമിലി കോൺഫറൻസിനോടനുബന്ധിച്ചു നടന്ന പൊതുയോഗത്തിൽ കാഷ് അവാർഡ് സമ്മാനിക്കും.

<ആ>റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ