നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യക്കാരെ മോചിപ്പിച്ചു
Sunday, July 17, 2016 12:56 AM IST
ന്യൂഡൽഹി: നൈജീരിയയിൽ തട്ടിക്കൊണ്ടു പോയ രണ്ട് ഇന്ത്യക്കാരെ മോചിപ്പിച്ചു. കഴിഞ്ഞ മാസമാണ് ആന്ധ്രപ്രദേശ് സ്വദേശിയായ എം. ശ്രീനിവാസിനെയും കർണാടക സ്വദേശിയായ കുശാൽ ശർമയെയും അജ്‌ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഇരുവരെയും തട്ടിക്കൊണ്ടു പോയത് ബോക്കോ ഹറാം തീവ്രവാദികളാണെന്നു സംശയിച്ചിരുന്നെങ്കിലും നൈജീരിയൻ പോലീസ് അതു തള്ളിക്കളഞ്ഞു.

ഇരുവരെയും തട്ടിക്കൊണ്ടുപോയത് പ്രാദേശിക ക്രിമിനൽ സംഘമാണെന്നു പോലീസ് വ്യക്‌തമാക്കി. ഇരുവരും തങ്ങൾ ജോലി ചെയ്യുന്ന സിമന്റ് പ്ലാന്റിലേക്കുള്ള യാത്രാമധ്യേയാണ് അക്രമികളുടെ പിടിയിൽപെട്ടത്. ട്രാഫിക് സിഗ്നലിൽനിർത്തിയിട്ട കാറിൽ നിന്നാണ് ഇരുവരെയും ആയുധധാരികളായ സംഘം തട്ടിക്കൊണ്ടു പോയത്.