തുർക്കിയിലെ സൈനിക അട്ടിമറി ജനം പരാജയപ്പെടുത്തി
Saturday, July 16, 2016 8:11 AM IST
അങ്കാറ: ഒരു വിഭാഗം സൈനിക മേധാവികൾ തുർക്കിയിൽ ഭരണം പിടിച്ചെടുക്കാൻ നടത്തിയ ശ്രമം പൊതുജനം പരാജയപ്പെടുത്തി. അതേസമയം സൈനിക അട്ടിമറി ശ്രമത്തെ തുടർന്നുണ്ടായ സംഘർഷം നിയന്ത്രണ വിധേയമായതായി പ്രസിഡന്റ് തയിബ് എർദോഗൻ അറിയിച്ചു.

വെള്ളിയാഴ്ച രാത്രി തുടങ്ങിയ അട്ടിമറി നീക്കം ഏകദേശം ആറു മണിക്കൂറിനു ശേഷമാണ് പരാജയപ്പെടുത്തിയത്. സൈന്യവും വിമത സൈനികരും തമ്മിൽ നടന്ന രൂക്ഷമായ ഏറ്റുമുട്ടലിൽ 47 സിവിലിയന്മാരും 104 വിമതസൈനികരും കൊല്ലപ്പെട്ടതായി ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതിനിടെ, സംഘർഷത്തിൽ മരിച്ചവരുടെയെണ്ണം 250 ആയി. സൈനിക അട്ടിമറിയെ പിന്തുണച്ച 104 പേർ മരിച്ചവരിൽ ഉൾപ്പെടുന്നു. മരിച്ചവരിൽ 41 പോലീസുകാരും രണ്ടു പട്ടാളക്കാരും 47 സാധാരണക്കാരും ഉൾപ്പെടുന്നതായി ജനറൽ സ്റ്റാഫ് ചീഫ് ജനറൽ ഉമിത് ദൻഡർ അറിയിച്ചു. വ്യോമസേനയും കരസേനയും സായുധ പട്ടാളക്കാരുമാണ് അട്ടിമറിക്കു കൂട്ടുനിന്നതെന്ന് ജനറൽ ഉമിത് ആരോപിച്ചു. പട്ടാളക്കാരടക്കം മൂവായിരത്തോളം പേരാണ് രാജ്യത്താകമാനമായി അറസ്റ്റ് ചെയ്യപ്പെട്ടത്. കൂടാതെ 2,839 വിമത സൈനികരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 700 സൈനികർ പോലീസിനു മുമ്പാകെ കീഴടങ്ങി. 1,440 പേർക്ക് പരിക്കേറ്റു.

വിമത സൈനികരുടെ പ്രവർത്തി രാജ്യദ്രോഹമാണെന്നും അതിനവർ വലിയ വില നൽകേണ്ടി വരുമെന്നും പ്രസിഡന്റ് എർദോഗൻ വ്യക്‌തമാക്കി. രാജ്യത്ത് നിന്ന് പുറത്താക്കിയ ഗുലൻ എന്ന പുരോഹിതനാണ് അട്ടിമറി ശ്രമത്തിനു പിന്നിലെന്നും അതിന് ശ്രമിച്ചവർ വലിയ വില നൽകേണ്ടിവരുമെന്നും എർദോഗൻ ഇസ്താംബൂളിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് ഒരു വിഭാഗം സൈനികർ ദേശീയ ഇന്റലിജന്റ്സ് ആസ്‌ഥാനം പിടിച്ചെടുക്കുകയും രാജ്യത്ത് പട്ടാള ഭരണം ഏർപ്പെടുത്തിയതായി പ്രഖ്യാപിക്കുകയും ചെയ്തതത്. വ്യോമസേന ആസ്‌ഥാനത്തെ ജെറ്റ് വിമാനങ്ങൾ പിടിച്ചെടുത്താണ് അട്ടിമറിക്ക് തുടക്കമിട്ടത്. രാജ്യത്തെ വിമാനത്താവളവും പ്രധാന റോഡുകളും പാലങ്ങളും കൈവശപ്പെടുത്തിയതിനു ശേഷമാണ് സൈന്യം അധികാരം പിടിച്ചെടുത്തതായ അവകാശവാദവുമായി ടെലിവിഷൻ ചാനലുകളിലൂടെ രംഗത്തെത്തിയത്.

തുർക്കിയിൽ സമാധാന സമിതി രൂപികരിച്ചതായും പട്ടാള നിയമം നടപ്പാക്കിയതായും പ്രഖ്യാപിച്ച സൈന്യം രാജ്യത്ത് കർഫ്യൂ നടപ്പാക്കിയതായും അറിയിക്കുകയായിരുന്നു. സൈനികതലത്തിലുള്ള പീസ് കൗൺസിലാണ് രാജ്യം ഭരിക്കുന്നതെന്നും പ്രസ്താവനയിൽ അവകാശപ്പെട്ടു. ഈ സമയത്ത് പ്രസിഡന്റ് എർദോഗൻ അവധിക്കാല കേന്ദ്രത്തിൽ വിശ്രമത്തിലായിരുന്നു.

വിവരമറിഞ്ഞ് മണിക്കൂറുകൾക്കുശേഷം ഇംസ്തംബൂളിലെത്തിയ എർദോഗൻ അട്ടിമറിക്കെതിരെ തെരുവിലിറങ്ങാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു. തുടർന്നു കർഫ്യൂ വകവയ്ക്കാതെ ആയിരക്കണക്കിനാളുകൾ തെരുവിലേക്കൊഴുകി. പിന്നീട് എർദോഗൻ അനുകൂല സൈന്യം ഇന്റലിജന്റ്സ് ആസ്‌ഥാനം വളയുകയും അട്ടിമറിക്ക് ശ്രമിച്ച സൈനികരെ കീഴടക്കുകയുമായിരുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ