ട്രംപിനും ഹില്ലരിക്കും തുല്യ സാധ്യത കല്പിച്ച് പുതിയ സർവേകൾ
Saturday, July 16, 2016 7:35 AM IST
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്‌ഥാനാർഥികളായ ഹില്ലരി ക്ലിന്റണിനും ഡൊണാൾഡ് ട്രംപിനും തുല്യ സാധ്യത കല്പിച്ച് പുതിയ സർവേകൾ പുറത്തുവന്നു.

ന്യൂയോർക്ക് ടൈംസ് സിബിഎസ് ന്യൂസ് അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 67 ശതമാനം ഹില്ലരി ക്ലിന്റൺ സത്യസന്ധയില്ലെന്നും വിശ്വാസയോഗ്യ അല്ലെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസം സിബിഎസ ന്യൂസ് നടത്തിയ പോളിൽ 62 ശതമാനത്തിനു മാത്രമെ ഈ അഭിപ്രായം ഉണ്ടായിരുന്നുള്ളൂ.

കഴിഞ്ഞമാസം ഹില്ലരിക്ക് ട്രംപിനേക്കാൾ ആറു ശതമാനം കൂടുതൽ വോട്ടർമാരുടെ പിന്തുണ ഉണ്ടായിരുന്നു. ഈ മേൽക്കൈ നഷ്ടമായതായാണ് പുതിയ സർവേ പറയുന്നത്. പുതിയ സർവേയിൽ ഇരുവർക്കും തുല്യ ജനസമ്മിതിയാണുള്ളത്. 40 ശതമാനം വീതം.

മറ്റു ചില സർവേകൾ ഹില്ലരിക്ക് ട്രംപിനുമേൽ നേരിയ മുൻതൂക്കം പ്രവചിക്കുന്നു. ന്യൂയോർക്ക് ടൈംസ്, സിബിഎസ് ന്യൂസ് പോൾ നടത്തിയത് ഹില്ലരിക്കെതിരെ എഫ്ബിഐ നടത്തിയ കണ്ടെത്തലുകൾക്കു പിന്നാലെ ആയിരുന്നു. അതിനാലാണ് അവർക്കെതിരായ ശക്‌തമായ വികാരം സർവേയിൽ പ്രതിഫലിച്ചത്.

അതേസമയം അമേരിക്കയിലെ ഭൂരിപക്ഷം വോട്ടർമാരും പറയുന്നത് തങ്ങൾ ട്രംപോ, ഹില്ലരിയോ വൈറ്റ് ഹൗസിൽ എത്തുന്നത് ഭയപ്പെടുന്നുവെന്നാണ്. ഇരു സ്‌ഥാനാർഥികളേയും ജനങ്ങൾ ഇഷ്ടപ്പെടുന്നില്ല എന്ന സ്‌ഥിതിവിശേഷമാണുള്ളത്.

ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്‌ഥാനാർഥിയായി ഇന്ത്യാന ഗവർണർ മൈക്ക് പെൻസിനെ പ്രഖ്യാപിച്ചതു ട്രംപിനു ഗുണം ചെയ്യും. യാഥാസ്‌ഥിതികതയും ഇൻസൈഡർ പ്രവണതയും എതിർത്തിരുന്ന ട്രംപ് ഇവ പ്രചരിപ്പിക്കുന്ന ഒരു വ്യക്‌തിയെ തെരഞ്ഞെടുത്തത് ഒരു തരം ബാലൻസിംഗ് ആക്ടായി ട്രംപ് നയത്തെ ചിലർ വിശേഷിപ്പിക്കുന്നു.

കുറവുകൾക്ക് അതീതമായി ഒരു വ്യക്‌തിയെ ഹില്ലരി തന്റെ വൈസ് പ്രസിഡന്റ് സ്‌ഥാനാർഥിയാക്കിയാൽ അവരുടെ ജനസമ്മിതിയും വർധിക്കും. പുതിയ സർവേകളിൽ ഈ മാറ്റം ദൃശ്യമാകും. കൺവൻഷനുകൾ കഴിയുമ്പോൾ സർവേഫലങ്ങളിൽ ഈ മാറ്റം സംഭവിക്കാറുണ്ട്. കൺവൻഷനുകളിലെ സംഭവവികാസങ്ങളും സ്‌ഥാനാർഥികൾ നാമനിർദേങ്ങൾ സ്വീകരിച്ചു നടത്തുന്ന പ്രസംഗങ്ങളും ഇതിനു കാരണമാകാറുണ്ട്.

<ആ>റിപ്പോർട്ട്: ഏബ്രഹാം തോമസ്