സ്നേഹകൂട്ടായ്മയുടെ വിജയഭേരി മുഴക്കി ഫാമിലി കോൺഫറൻസിനു സമാപനം
Saturday, July 16, 2016 7:33 AM IST
എലൻവിൽ: അറിയുവാനുള്ള ആശയും കേൾക്കാനുള്ള ആവേശവും ഉൾക്കൊള്ളാനുള്ള അഭിവാഞ്ചയും നിറഞ്ഞുനിന്ന വിശ്വാസ തീക്ഷ്ണതയുടെ നാലു ദിനങ്ങൾക്ക് പരിസമാപ്തി. മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ മൂന്നാം ദിനം ആത്മീയ പ്രഭാഷണങ്ങളാലും യാമപ്രാർഥനകളാലും ധ്യാന നിമഗ്നമായ അന്തരീക്ഷത്താലും മുഖരിതമായിരുന്നു. അനുതാപവും ഉപവാസവും ഒക്കെ മുഖ്യ വിഷയങ്ങളായ വേദികളിലും ചർച്ചാ ക്ലാസുകളിലും ഓപ്പൺ ഫോറങ്ങളിലും ഉത്സാഹത്തോടെയുള്ള പങ്കാളിത്തമാണുണ്ടായിരുന്നത്. നാലുദിന കോൺഫറൻസ് ശനി ഉച്ചയോടെ സമാപിക്കും.

ആത്മീയത ഓരോ വിശ്വാസിയും തിരിച്ചറിഞ്ഞ നിമിഷങ്ങൾ കോൺഫറൻസിന് മാറ്റു കൂട്ടി. വിശ്വാസത്തിൽ കൂടി ദൈവിക സത്യങ്ങളെ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുവാനുതകുന്ന ദീപ്തിമത്തായ ധ്യാനയോഗങ്ങളും ചർച്ചാക്ലാസുകളും കൊണ്ട് മൂന്നാം ദിവസമായ വെള്ളിയാഴ്ച സമ്പന്നവും സജീവുമായിരുന്നു. ക്ലർജി ആൻഡ് ബസ്കിമോസ് മീറ്റിംഗും നടന്നു.

ലൂക്കോസിന്റെ സുവിശേഷം 15–ാം അധ്യായത്തിൽ അനുതാപം വിവരിക്കുന്ന മൂന്ന് ഉപമകൾ നഷ്‌ടപ്പെട്ടതിന് വീണ്ടെടുത്ത് സന്തോഷിക്കുന്ന അനുഭവത്തിന്റെ ആവിഷ്ക്കാരമാണെന്നു ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് ഉദ്ബോധിപ്പിച്ചു. നിസംഗതയും അലസതയും അശ്രദ്ധയും അനുവർത്തിച്ച് ആടിന് ഇടയന്റെ സാമീപ്യം നഷ്‌ടപ്പെട്ടു. അശ്രദ്ധയും പൊങ്ങച്ചവും അഹങ്കാരവും ആവാഹിക്കപ്പെട്ട സ്ത്രീയുടെ നാണയം നഷ്‌ടമായി. സ്നേഹത്തിന്റെ അഭാവവും സ്വാർത്ഥതയും ആത്മാർഥതയില്ലായ്മയും കൈമുതലാക്കിയ മുടിയനായ പുത്രൻ പിതൃസ്നേഹത്തിൽ നിന്ന് അന്യമായി. പൊന്റ്റിക്കസ് ഇവാഗ്രസിന്റെ അഭിപ്രായത്തിൽ നഷ്‌ടമാക്കപ്പെടുന്ന എട്ടു ദുഷ്ചിന്തകൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനമായതാണ് അമിതഭക്ഷണം, അഥവാ അത്യാർത്തി. മോഹത്തിന്റെ വാതിലും ഇരിപ്പടവുമായ ഒന്നാണിത്. ദുഷ്കാമം, ഹൃദയകാഠിന്യം, അലസത, മുൻകോപം, അശ്രദ്ധ, അഹങ്കാരം, വിദ്വേഷം തുടങ്ങിയവ നമ്മെ നാം അല്ലാതെയുമാക്കുന്നു. ദൈവസ്വരൂപത്തെ വികലമാക്കുന്നു.

ഇങ്ങനെ നഷ്‌ടമായതിനെ കണ്ടെത്തുവാൻ കഴിയുന്ന ഇടയത്വ ശുശ്രൂഷ വിശ്വാസികൾ വിസ്മരിക്കരുത്. കണ്ടെത്തുവാനുള്ള യാത്ര അവസാനിക്കുന്നത് കാൽവരി ക്രൂശിന്റെ അരികിലാണ്. അവിടെ കണ്ണുനീരിനാൽ മുഴുകുന്ന ഒരു പരിത്യാഗം ഉയരണം. ഇതിനെയാണ് കണ്ണുനീരിന്റെ വേദശാസ്ത്രമെന്നു പിതാക്കന്മാർ വിളിക്കുന്നത്. ഈ കണ്ണുനീർ വികാരപരമായ വിസ്ഫോടനമല്ല. പകരം ആത്മീയ നയനങ്ങളുടെ നനവാണ്. വീടു മുഴുവൻ അടിച്ചുവാരി വിളക്കു കൊണ്ട് സസൂക്ഷ്മം തന്റെ നഷ്‌ടപ്പെട്ട നാണയം നോക്കുന്ന ഉപമയിലെ സ്ത്രീയെ പോലെ ഒരു സമഗ്ര ആത്മീയ അന്വേഷണം അനിവാര്യമാണ്. തിരിച്ചുവരുന്ന മകനെ സ്വീകരിക്കുന്ന പിതാവിനെ പോലെ സ്നേഹനിധിയായ ദൈവം അനുതപിക്കുന്ന പാപിയെ സ്വീകരിക്കുന്നവനാകുന്നു. അവിടെ സന്തോഷത്തിന്റെ ഔന്നത്യം ദർശിക്കാം. ഓർത്തഡോക്സ് തിയോളജിയുടെ മർമ്മപ്രധാനമായ ഈ ആശയം വളരെ സരസമായി പ്രായോഗിക ജീവിതത്തിലെ സംഭവങ്ങളെ ബന്ധപ്പെടുത്തിയാണ് ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത സംസാരിച്ചത്.

കോൺഫറൻസ് വിജയഘടകങ്ങളിലെ ഏറ്റവും പ്രധാന ഘടകമായി എല്ലാവരും അംഗീകരിച്ചതും മാർ ദീയസ്കോറോസ് മെത്രാപ്പോലീത്തയുടെ ചിന്താവിഷയത്തിലൂന്നിയ പ്രഭാഷണങ്ങളായിരുന്നു.

കേരളത്തിനു പുറത്തുള്ള ഇടവകകൾ സഭയുടെ ജീവനാണെന്ന് ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. കേരളത്തിലെ മാതൃസഭ അമേരിക്കൻ ഭദ്രാസനത്തിലേക്ക് ഉറ്റുനോക്കുന്ന കാലം വരുമെന്ന് തന്റെ സൂന്ത്രോണിസോ ശുശ്രൂഷാവേളയിൽ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത പരാമർശിച്ചതിനെ സൂചിപ്പിച്ചു കൂടിയാണ് മാർ ദീയസ്കോറോസ് ഈ അഭിപ്രായ പ്രകടനം നടത്തിയത്. ഇതു പോലെയുള്ള കോൺഫറൻസുകൾ സഭാംഗങ്ങൾക്കിടയിൽ ഐക്യം ദൃഢമാക്കുന്നതിന് ഉപകരിക്കും. ഞാനിവിടെ കണ്ടത് സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും വിജയഗാഥയാണ്.

വിജയഗാഥകൾക്കിടയിലും കൂടുതൽ പ്രവർത്തനോജ്വലമായ എന്തെങ്കിലും ചൂണ്ടിക്കാണിക്കാൻ സാധിക്കൂമോയെന്ന് ചോദിച്ചപ്പോൾ തലമുറകളുടെ അന്തരം (ജനറഷേഷൻ ഗ്യാപ്) എന്നായിരുന്നു തിരുമേനിയുടെ പെട്ടെന്നുള്ള മറുപടി. പുതിയ തലമുറയിൽപ്പെട്ടവരെ കുറച്ചു കൂടി ഊർജ്‌ജ്വസ്വലതയോടെ ഉൾപ്പെടുത്താൻ ശ്രമിക്കണം. ജെൻഡർ മിക്സിംഗിന്റെ ആവശ്യകത ഉണ്ട് എന്നും മാർ ദീയസ്കോറോസ് കൂട്ടിച്ചേർത്തു.

സന്ധ്യാനമസ്ക്കാരത്തിനു ശേഷമുള്ള സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ പ്രഭാഷണം, വിശ്വാസികളെ വിശുദ്ധ കുമ്പസാര കൂദാശയിലേക്ക് നയിക്കുവാനും ആത്മീയ ഉണർവ്വ് ലഭിക്കാനും ഉതകുന്നതായിരുന്നു. തുറന്ന മനസ്‌ഥിതി ഇല്ലാത്തിടത്തോളം കാലം ക്രിസ്തുവിന്റെ ശരീരമായി രൂപാന്തരപ്പെടാൻ സാധിക്കുകയില്ല. മനസും ആത്മാവും തുറക്കുകയും മറ്റുള്ളവരെ ദൈവസൃഷ്‌ടിയായി സ്വീകരിക്കാൻ തയ്യാറാവുകയും വേണം. വിശുദ്ധ കുമ്പസാരം ആത്മാവിന്റെ ചികിത്സയാണ്. ഒരു പേഴ്സണൽ കുമ്പസാര പിതാവിനെ കണ്ടു പിടിക്കുന്നതാണ് ഉത്തമം. പല ഡോക്ടർമാരെ മാറി മാറി കാണുന്ന ഒരു രോഗിയുടെ അവസ്‌ഥ ശ്രദ്ധിക്കുക. പൂർണമായ രോഗനിവാരണത്തിന് ഡോക്ടർമാരെ കൂടെകൂടെ മാറ്റുന്നത് ശരിയല്ല.
അനന്യാസിന്റെ രൂപാന്തര കഥയെ അടിസ്‌ഥാനമാക്കിയാണ് മാർ നിക്കോളോവോസ് സംസാരിച്ചത്.

എലിസബത്ത് ജോയിയുടെ സഹോദരിയും തീയോളജി നിപുണയും യുണൈറ്റഡ് ലൂഥറൻ ചർച്ചിലെ പാസ്റ്ററുമായ ഡോ. ഇവാഞ്ചലീൻ രാജ്കുമാറിനെ മാർ നിക്കോളോവോസ് പരിചയപ്പെടുത്തി. തുടർന്നു ഡോ. ഇവാഞ്ചലീൻ രാജ്കുമാർ സംസാരിച്ചു.

പ്രാർഥനകളും ആത്മീയപ്രഭാഷണങ്ങളും ചർച്ചാക്ലാസുകളും ഹൈക്കിംഗും സ്പോർട്സുമൊക്കെയായി തിരക്കാർന്ന ഒരു പകലിനു ശേഷം പ്രത്യേക പ്രാർഥനയോടെ വിശുദ്ധ കുമ്പസാരത്തിനു വേദിയൊരുങ്ങി. മൂന്നു ദിവസത്തെ പരിപാടികളിൽ പങ്കെടുത്തും പങ്കെടുപ്പിച്ചും നേതൃത്വം കൊടുത്തും സഹകരിച്ചവർക്കൊക്കെ ആത്മീയ ഉണർവു അനുഭവിക്കാനും സ്വയം പരിശോധിക്കാനുമുള്ള സമയമായിരുന്നു അത്.

ശനി രാവിലെ 6.45ന് നമസ്ക്കാര ശുശ്രൂഷകൾക്കുശേഷം വിശുദ്ധ കുർബാന. തുടർന്നു സമാപന സമ്മേളനം. പ്രഭാതഭക്ഷണത്തിനുശേഷം 11നു ചെക്കൗട്ട്. ആത്മീയ സത്യ പൊരുളുകളുടെ ചുരുൾ തേടിയും വിശുദ്ധ കുമ്പസാര കൂദാശയിലേക്ക് നയിക്കുന്ന ഹൃദയദ്രവീകരണ മൊഴിമുത്തുകൾക്ക് വഴിയൊരുക്കിയും കോൺഫറൻസ് വിജയമായെന്ന് വിശ്വാസികൾ ഒന്നടങ്കം പറഞ്ഞു.

<ആ>റിപ്പോർട്ട്: ജോർജ് തുമ്പയിൽ