നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിനു സ്വപ്നസാഫല്യം, 300 ഏക്കറിൽ സ്വന്തം റിട്രീറ്റ് സെന്റർ
Saturday, July 16, 2016 7:32 AM IST
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ചിരകാല അഭിലാഷമായ റിട്രീറ്റ് സെന്റർ പെൻസിൽവേനിയയിൽ ഒരുങ്ങുന്നു. ഡാൽട്ടണിലെ ഫാത്തിമ സെന്ററിൽ വിപുലവും ആധുനിക സജ്‌ജീകരണങ്ങളോടും കൂടിയ സെന്റർ സ്‌ഥാപിക്കുന്നതിനുള്ള നിശ്ചയത്തിനുള്ള അംഗീകാരം ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ നൽകിയതായി ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയ മാർ നിക്കോളോവോസ് അറിയിച്ചു.

ഏറെക്കാലമായി സഭയുടെ വലിയൊരു ആഗ്രഹമായിരുന്നു, സ്വന്തമായി ഒരു റിട്രീറ്റ് സെന്റർ എന്നത്. ഇതിനുവേണ്ടി പലതവണ യോഗങ്ങൾ ചേർന്നു. ഒടുവിൽ, 2013 ജൂണിൽ മേരിലന്റിലെ ബാൾട്ടിമൂറിൽ ചേർന്ന ഭദ്രാസന പൊതുയോഗമാണ് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന് ഒരു റിട്രീറ്റ് സെന്റർ വേണമെന്ന ആവശ്യം ഉയർത്തിയത്. തുടർന്നു അനുയോജ്യമായ സ്‌ഥലം കണ്ടെത്താനും സെന്ററിന്റെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാനും ഭദ്രാസന കൗൺസിലിനെ ചുമതലപ്പെടുത്തി. മൂന്നു വർഷക്കാലം ന്യൂയോർക്ക്, ന്യൂജേഴ്സി, പെൻസിൽവേനിയ എന്നിവിടങ്ങളിൽ സ്‌ഥലങ്ങൾ അന്വേഷിച്ചു. ഒടുവിൽ അനുയോജ്യമായ ഇടമായി കണ്ടെത്തിയത് പെൻസിൽവേനിയയിലെ ഫാത്തിമ റിന്യൂവൽ സെന്ററായിരുന്നു. മുൻപ് ഇത് പെൻസിൽവേനിയ സ്ക്രാന്റൺ റോമൻ കത്തോലിക്ക രൂപതയുടെ കീഴിലുണ്ടായിരുന്ന സെന്റ് പയസ് ടെൻത് റോമൻ കാതലിക്ക് സെമിനാരിയായിരുന്നു.

2016 മേയിൽ സഫേണിൽ ചേർന്ന ഭദ്രാസന പൊതുയോഗത്തിൽ ഫാത്തിമ റിന്യൂവൽ സെന്റർ വാങ്ങാൻ തീരുമാനിച്ചു. സ്ക്രാന്റൺ ഡൗൺടൗണിൽ നിന്നും മിനിറ്റുകളുടെ ഡ്രൈവ് മാത്രമാണ് പെൻസിൽവേനിയയിലെ ഡാൽറ്റൺ ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിലേക്കുള്ളു. ഔട്ട്ഡോർ മെഡിറ്റേഷനു പറ്റിയ അന്തരീക്ഷമാണ് ഇവിടെയുള്ളത്. മുന്നൂറ് ഏക്കർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന ഇവിടെ മനോഹരമായ ഒരു തടാകവും അതിനോടു ചേർന്നു മൊട്ടക്കുന്നുകളും ഒപ്പം മരങ്ങളും ചെറിയ ചെടികളുടെയുമൊക്കെ ഒരു വലിയ കേദാരമുണ്ട്. ആരുടെയും മനസ് ആകർഷിക്കുന്ന വിധത്തിൽ പ്രകൃതിരമണീയമായ അന്തരീക്ഷമാണ് ഇവിടുത്തേത്.

ചാപ്പൽ, ലൈബ്രറി, കോൺഫറൻസ് മുറികൾ, ക്ലാസ്മുറികൾ, ഓഫീസുകൾ എന്നിവയെല്ലാം റിട്രീറ്റ് സെന്ററിലുണ്ട്. ഇരുനൂറോളം അതിഥികളെ താമസിപ്പിക്കാൻ കഴിയുന്ന വിധത്തിലുള്ള രണ്ട് ഡോർമെറ്ററികൾ, ജിംനേഷ്യം, 800 പേർക്ക് ഇരിപ്പിടമൊരുക്കുന്ന വിശാലമായ ഓഡിറ്റോറിയം എന്നിവയെല്ലാം തന്നെ ഇവിടെയുണ്ട്. ഭദ്രാസനത്തിനു മാത്രമല്ല സഭയ്ക്കാകമാനം തന്നെ അഭിമാനിക്കാവുന്ന നേട്ടമാണ് ഇതെന്ന് സക്കറിയ മാർ നിക്കളോവോസ് പറഞ്ഞു. 4.50 മില്യൺ ഡോളറിനാണ് റിട്രീറ്റ് സെന്റർ സഭ സ്വന്തമാക്കുന്നത്. ഇതിൽ ഒരു മില്യൺ പുനർനിർമാണത്തിനു മാത്രമായി കണക്കാക്കുന്നു. ഭദ്രാസനത്തിലുള്ള ഓരോ കുടുംബവും 1500 ഡോളർ എന്ന കുറഞ്ഞ സംഖ്യ നൽകി പദ്ധതിയോടു സഹകരിക്കണമെന്നു മെത്രാപ്പോലീത്ത അഭ്യർഥിച്ചു. ഇതു കേവലമൊരു പദ്ധതിയായി കാണരുതെന്നും ദൈവുമായുള്ള മനുഷ്യന്റെ അകലം കുറയ്ക്കാനുള്ള ഒരു ഇടമായി ഇതിനെ കാണണമെന്നും മാർ നിക്കളോവോസ് പറഞ്ഞു.

രണ്ടു ശതമാനം പ്രതിവർഷം പലിശ നൽകുന്ന വിധത്തിൽ നിക്ഷേപങ്ങളും സെന്ററിനു വേണ്ട തുകയായി സ്വീകരിക്കുന്നുണ്ട്. ഇത്തരത്തിൽ കുറഞ്ഞത് 5000 ഡോളറെങ്കിലും നൽകണം. കോൺഫറൻസ് റൂമുകൾക്ക് പ്രിയപ്പെട്ടവരുടെ പേരുകൾ നൽകാവുന്ന വിധത്തിൽ സ്പോൺസർഷിപ്പും അനുവദിച്ചിട്ടുണ്ട്. ഇതിനായി 50,000 ഡോളറാണ് വേണ്ടി വരിക. കിടപ്പുമുറികൾക്കുവേണ്ടി 25,000 ഡോളറായി നിജപ്പെടുത്തിയിരിക്കുന്നു. റിട്രീറ്റ് സെന്ററിലെ ഒരു നിശ്ചിത സ്‌ഥലത്ത് പ്രിയപ്പെട്ടവരുടെ ഓർമ ചിത്രങ്ങൾ സ്‌ഥാപിക്കുന്നതിനുവേണ്ടി 10,000 ഡോളർ നൽകാം. എല്ലാ സംഭാവനകളെയും നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ണണണ.ഠഞഅചടഎകഏഡഞഅഠകഛചഞഋഠഞഋഅഠ.ഛഞഏ ഛഞ ഋങഅകഘ ഡട അഠ:ഠൃമിളെശഴൗൃമശേീി*ിലമാലൃശരമിറശീരലലെ.ീൃഴ

<ആ>റിപ്പോർട്ട്: ജോർജ് തുമ്പയിൽ