യുഎഇ: സ്റ്റുഡന്റ് വർക്ക് പെർമിറ്റിന് മികച്ച പ്രതികരണം
Saturday, July 16, 2016 4:06 AM IST
ദുബായ്/അബുദാബി: വിദ്യാർഥികൾക്കു പഠനത്തോടൊപ്പം ജോലിയും ചെയ്യാൻ കഴിയുന്ന തരത്തിലുള്ള യുഎഇ സർക്കാരിന്റെ തീരുമാനത്തെ സ്വകാര്യ മേഖലയും മാതാപിതാക്കളും സ്വാഗതം ചെയ്തു. ചെറുപ്പക്കാരുടെ കഴിവുകൾ കണ്്ടെത്തി വികസിപ്പിക്കാൻ ഇതു സഹായിക്കുമെന്നു പല കമ്പനി വക്‌താക്കളും പ്രതികരിച്ചു. പഠനം കഴിഞ്ഞ പുറത്തിറങ്ങിയാലുടൻ പ്രവർത്തിപരിചയം ലഭിച്ച മേഖലയിൽ ജോലി ലഭിക്കാനും ഇതു സഹായിക്കും.

ഒരേസമയം ഒന്നിലധികം കാര്യങ്ങളെ ഒന്നിച്ചു കൊണ്്ടുപോകാനുള്ള കഴിവ് ജോലിസ്‌ഥലങ്ങളിൽ ആവശ്യമായി വരും. അത് പഠനകാലത്തു തന്നെ വളർത്തിയെടുക്കാൻ ഇതിലൂടെ സാധിക്കുമെന്നു ദുബായിയിലെ ദേജാവു ഈവന്റ്സ് എന്ന കമ്പനി നടത്തുന്ന രാഹുൽ കൗൾ പറഞ്ഞു.

മാതാപിതാക്കളും സന്തോഷത്തിലാണ്. കിട്ടുന്ന ശമ്പളം ശ്രദ്ധിച്ചു ചെലവഴിക്കാനും പണത്തിന്റെ വിലയറിയാനും ചെറുപ്പക്കാരെ ഈ നടപടി പ്രേരിപ്പിക്കുമെന്നും പല മാതാപിതാക്കളും പറയുന്നു.