ഷിക്കാഗോ മലയാളി അസോസിയേഷൻ ഫോമാ ഭാരവാഹികളെ അനുമോദിച്ചു
Saturday, July 16, 2016 2:36 AM IST
ഷിക്കാഗോ: ഫോമയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബെന്നി വാച്ചാച്ചിറയേയും, നാഷണൽ കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ജോണിക്കുട്ടി പിള്ളവീട്ടിലിനേയും, യാതൊരു പരാതിക്കും ഇടനല്കാതെ ഫോമാ തെരഞ്ഞെടുപ്പ് നടത്തിയ ഇലക്ഷൻ കമ്മീഷണർ സ്റ്റാൻലി കളരിക്കമുറിയേയും ഷിക്കാഗോ മലയാളി അസോസിയേഷൻ അഭിനന്ദിച്ചു.

ബെന്നി വാച്ചാച്ചിറയും, സ്റ്റാൻലി കളരിക്കമുറിയും ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമാരാണ്. ജോണിക്കുട്ടി ഇപ്പോഴത്തെ ഡയറ്കടർ ബോർഡ് മെമ്പറാണ്.

മൗണ്ട് പ്രോസ്പെക്ടസിലെ സിഎംഎ ഹാളിൽ പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ബിജി. സി. മാണി, ജെസി റിൻസി, ഫിലിപ്പ് പുത്തൻപുരയിൽ, ജോസ് സൈമൺ മുണ്ടപ്ലാക്കിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ജൂലൈ 23–നു നടക്കുന്ന ചീട്ടുകളി മത്സരവും, ജൂലൈ 31–നു നടക്കുന്ന ബാസ്കറ്റ് ബോൾ മത്സരവും വിജയിപ്പിക്കുന്നതിനാവശ്യമായ നടപടികൾ യോഗം ചർച്ച ചെയ്തു.

സെപ്റ്റംബർ പതിനൊന്നാം തീയതി വൈകുന്നേരം നാലു മുതൽ താഫ്റ്റ് ഹൈസ്കൂളിൽ ഓണാഘോഷം നടത്തുവാൻ തീരുമാനിച്ചു. ഓണാഘോഷ കമ്മിറ്റി കൺവീനറായി സ്റ്റാൻലി കളരിക്കമുറിയെ തെരഞ്ഞെടുത്തു.

ഒക്ടോബർ 23–നു ഞായറാഴ്ച വൈകുന്നേരം അഞ്ചിനു സിഎംഎ ഹാളിൽ വച്ചു വാർഷിക ജനറൽബോഡി യോഗം നടത്തുവാനും തീരുമാനമായി. ചടങ്ങുകൾക്ക് ജേക്കബ് മാത്യു പുറയംപള്ളിൽ, ജിമ്മി കണിയാലി, ജിതേഷ് ചുങ്കത്ത്, ജൂബി വള്ളിക്കളം, മത്തിയാസ് പുല്ലാപ്പള്ളിൽ, രഞ്ജൻ ഏബ്രഹാം, തൊമ്മൻ പൂഴിക്കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി. ജിമ്മി കണിയാലി അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം