ഓസ്ട്രേലിയൻ വീസ; ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ
Friday, July 15, 2016 11:11 PM IST
കോഴിക്കോട്: ഓസ്ട്രേലിയൻ തൊഴിൽ വീസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവിനെ നടക്കാവ് പോലീസ് തൊടുപുഴയിൽ നിന്ന് അറസ്റ്റ് ചെയ്തു. പാലക്കാട് കരിമ്പ സ്വദേശി കട്ടപ്പാറ വീട്ടിൽ ബിജു ഫ്രാൻസിസ് (44) ആണ് തൊടുപുഴ ന്യൂമാൻ കോളജ് പരിസരത്ത് ഒളിവിൽ കഴിയവേ പിടിയിലായത്. കോഴിക്കോട് കൊട്ടാരംറോഡ് സ്വദേശി കുഴിമറ്റത്തിൽ നവീൻ ഫിലിപ്പിന്റെ പരാതിയിലാണ് അറസ്റ്റ്.

2014ൽ ഒരു സുഹൃത്ത് മുഖേന പരിചയപ്പെട്ട ബിജു, നവീനെയും, സുഹൃത്ത് ചാൾസിനെയും സമീപിച്ചു തട്ടിപ്പ് നടത്തുകയായിരുന്നു. ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞവർക്ക് ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള സ്റ്റാർ ഹോട്ടലിൽ ജോലി ലഭിക്കുമെന്നറിയിച്ചു. പ്രതിമാസം രണ്ടര ലക്ഷം രൂപ ശമ്പളമുണ്ടെന്നും വീസ ശരിയാക്കാമെന്നും പറഞ്ഞു. വീസയ്ക്കായി അഞ്ചു ലക്ഷം രൂപ നൽകിയാൽ മതിയെന്നു പറഞ്ഞ തിനെ തുടർന്നു നവീന്റെ എസ്ബിഐ അക്കൗണ്ട് മുഖേന ബിജുവിന്റെ അക്കൗണ്ടിലേക്കു തുക മാറ്റി. പണം നൽകിയ ഉറപ്പിലേക്കു ജോബ് ലെറ്ററും, ചെ ക്കും നവീനെ ഏൽപ്പിച്ചു. ഒരാഴ്ചയ്ക്കകം ബിജു സ്വന്തം അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചു.

നാലുമാസം കഴിഞ്ഞിട്ടും വീസ ലഭിക്കാഞ്ഞതിനെ തുടർന്നു നവീൻ ബിജുവിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ, കുറച്ചു സമയം കൂടി കഴിയുമെന്നായിരുന്നു മറുപടി. ഇങ്ങനെ പലതവണ അവധി മാറ്റി. ഒന്നര വർഷത്തിനു ശേഷം നവീൻ ബിജുവിനെ പാലക്കാട്ടെ വിലാസത്തിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്നു ബിജു നൽകിയ ചെക്ക് ബാങ്കിൽ അയച്ചപ്പോൾ പണമില്ലാതെ മടങ്ങി. ബിജു നിരവധി പേരെ ഈ വിധം കബളിപ്പിച്ചെന്നു മനസിലാക്കിയ നവീൻ കഴിഞ്ഞ ഫെബ്രുവരിയിൽ നടക്കാവ് പോലീസിൽ പരാതി നൽകു കയായിരുന്നു.14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ബിജുവിനെ തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങും.