മാർ ജയിംസ് പഴയാറ്റിൽ അനുസ്മരണ ബലിയും അനുശോചന യോഗവും നടത്തി
Friday, July 15, 2016 5:03 AM IST
ലണ്ടൻ: മാഞ്ചസ്റ്ററിൽ യുകെയിലെ ഇരിങ്ങാലക്കുട രൂപത അംഗങ്ങളും മാഞ്ചസ്റ്ററിലെ വിശ്വാസ സമൂഹവും സംയുക്‌തമായി അന്തരിച്ച മാർ ജയിംസ് പഴയാറ്റിലിന്റെ ആത്മശാന്തിക്കായി പ്രാർഥനയും അനുസ്മരണ ബലിയും അനുശോചനയോഗവും നടത്തി.

ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടന്റെ നിർദ്ദേശത്തെ തുടർന്നു ജൂലൈ 13നു വൈകുന്നേരം ഏഴിന് മാഞ്ചസ്റ്റർ ലോംഗ്സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തിൽ ദിവ്യബലി അർപ്പിച്ചു. ഫാ. പ്രിൻസ് തമ്പിയാംകുഴിയിൽ കാർമികത്വം വഹിച്ചു. തുടർന്നു നടന്ന അനുശോചനയോഗത്തിൽ ഫാ. പ്രിൻസ് അധ്യക്ഷത വഹിച്ചു. വിശുദ്ധനായ, ഒത്തിരി പ്രാർഥിക്കുന്ന, പാവങ്ങളെക്കുറിച്ച് കരുതലുള്ള പിതാവായിരുന്ന പഴയാറ്റിൽ പിതാവെന്നു ഫാ. പ്രിൻസ് അധ്യക്ഷ പ്രസംഗത്തിൽ അനുസ്മരിച്ചു. ഇരിങ്ങാലക്കുട രൂപതയെ മികച്ച രൂപതകളിലൊന്നാക്കി മാറ്റിയത് പഴയാറ്റിൽ പിതാവായിരുന്നുവെന്നു യോഗം അഭിപ്രായപ്പെട്ടു. അതിരറ്റ തിരുഹൃദയ ഭക്‌തിയുള്ള പിതാവ്, തിരുഹൃദയ പ്രതിഷ്ഠാ ജപം കുടുംബംഗങ്ങളിൽ പ്രചരിപ്പിച്ച പിതാവ്, പാവങ്ങളോടു കരുതലുള്ള പിതാവായിരുന്നു എന്നും യോഗം അഭിപ്രായപ്പെട്ടു. ജയിംസ് പഴയാറ്റിൽ പിതാവിന്റെ വേർപാടിൽ വേദനിക്കുന്ന രൂപതാംഗങ്ങളോടൊപ്പം ചേർന്നു യോഗം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഇരിങ്ങാലക്കുട രൂപത മുൻ പാസ്റ്ററൽ കൗൺസിൽ അംഗം അഡ്വ. ജയ്സൺ മേച്ചേരി, സാൽഫോർഡ് സീറോ മലബാർ രൂപതാ വിശ്വാസികളെ പ്രതിനിധാനം ചെയ്ത് സെൻട്രൽ മാഞ്ചസ്റ്റർ സീറോ മലബാർ കമ്യൂണിറ്റി ട്രസ്റ്റി പോൾസൺ തോട്ടപ്പിള്ളി, ഷ്രൂസ്ബറി രൂപതയെ പ്രതിനിധാനം ചെയ്ത് കെസിഎഎം പ്രസിഡന്റ് ജയ്സൺ ജോബ്, ജീസസ് യൂത്ത് യുകെയെ പ്രതിനിധാനം ചെയ്ത് ജോബി മുണ്ടക്കൽ, ഷാജു അരിക്കാട്ട് തുടങ്ങിയവരും സംസാരിച്ചു. സീറോ മലബാർ ഷ്രൂസ്ബറി രൂപത ചാപ്ലെയിൻ റവ.ഡോ.ലോനപ്പൻ അറങ്ങാശേരി, സാൽഫോർഡ് രൂപത സീറോ മലബാർ ചാപ്ലെയിൻ ഫാ.തോമസ് തെക്കൂട്ടത്തിൽ തുടങ്ങിയവരും അനുശോചിച്ചു.

<ആ>റിപ്പോർട്ട്: അലക്സ് വർഗീസ്