സുഡാനിൽ നിന്ന് മടങ്ങിയെത്തിയവർ പങ്കുവെച്ചത് നടുക്കുന്ന ഓർമ്മകൾ
Friday, July 15, 2016 4:47 AM IST
തിരുവനന്തപുരം: ആഭ്യന്തര കലാപമുണ്ടായ ദക്ഷിണ സുഡാനിൽ നിന്നു രക്ഷപ്പെട്ട് നാട്ടിലെത്തിയ മലയാളികൾ പങ്കുവെച്ചത് നടുക്കുന്ന ഓർമ്മകളാണ്. കഴിഞ്ഞ ഒരാഴ്ചയായി കലാപം രൂക്ഷമായ തെരുവീഥികളിൽ തങ്ങൾ കാണുന്നത് ഭയപ്പെടുത്തുന്ന കാഴ്ചകളാണെന്ന് ഇവർ പറയുന്നു. വിമാനത്താവളത്തിൽ എത്തി ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടപ്പോഴും പലരുടെയും കണ്ണുകളിൽ നിറഞ്ഞ ഭീതി ഒഴിയുന്നില്ല.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നല്ല തൊഴിൽ അന്തരീക്ഷമാണ് മലയാളികളെ സുഡാനിലേക്ക് ആകർഷിച്ചിരുന്നത്. നല്ല കാലാവസ്‌ഥക്കു പുറമെ കുറഞ്ഞ ജീവിത ചെലവുകളും മെച്ചപ്പെട്ട സാമ്പത്തിക അന്തരീക്ഷം രൂപപ്പെടുത്താൻ സഹായിക്കും. വലിയ ഉദ്യോഗങ്ങൾ തേടിയല്ല മലയാളികളിൽ പലരും സുഡാനിലേക്ക് പുറപ്പെടുന്നത്. കൂടുതൽ പേരും ഇലക്ട്രിക്കൽ ജോലികൾ, എസി ടെക്നീഷ്യൻമാർ, മെക്കാനിക്കുകൾ തുടങ്ങിയ അടിസ്‌ഥാന ജോലികളാണ് ചെയ്യുന്നത്. എന്നാൽ ഇങ്ങനെ വർഷങ്ങളായി തങ്ങൾ കൂട്ടിവച്ച സമ്പാദ്യം പൂർണമായി ഉപേക്ഷിച്ചാണ് നാട്ടിലേക്കുള്ള ഇപ്പോഴത്തെ പലായനം.

ഒരാഴ്ച മുമ്പ് സമാധാന അന്തരീക്ഷം ഉണ്ടായിരുന്ന ഇവിടെ സ്‌ഥിഗതികൾ മാറിയത് പെട്ടെന്നാണ്. അവിടുത്തെ ഗോത്രവർഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ പിന്നീട് വലിയ കലാപമായി മാറി. തുടക്കത്തിൽ അവർ തമ്മിലായിരുന്നു സംഘർഷമെങ്കിൽ പിന്നീട് മറ്റ് രാജ്യക്കാരായ ആളുകൾക്കും നയതന്ത്ര സ്‌ഥാപനങ്ങൾക്കും നേരെ തിരിഞ്ഞുവെന്ന് രക്ഷപ്പെട്ടെത്തിയവർ പറഞ്ഞു.

ദക്ഷിണ സുഡാന്റെ ഉൾനാടൻ പ്രദേശങ്ങളിൽ തങ്ങിയ ഇന്ത്യക്കാരുടെ സ്‌ഥിതി അതിദയനീയമായിരുന്നു. കലാപകാരികളെ പേടിച്ച് ദിവസങ്ങളോളം വീടിനുള്ളിലും ഒളിസങ്കേതങ്ങളിലും തങ്ങി. കുടുംബമായി കഴിഞ്ഞവർ കുഞ്ഞുങ്ങളുമായി മലയാളികളുടെ സംഘത്തിനൊപ്പം ഒളിസങ്കേതങ്ങളിൽ ചേക്കേറി. ദിവസങ്ങൾ പിന്നിട്ടപ്പോൾ ഭക്ഷണവും വെള്ളവും ലഭിക്കാതെയായി. ഇന്ത്യൻ എംബസി അധികൃതരെ ബന്ധപ്പെട്ടെങ്കിലും ആദ്യം തങ്ങൾ എവിടെയെന്നു കണ്ടെത്താൻ അവർക്കു സാധിച്ചില്ല. തുടർന്ന് മലയാളി അസോസിയേഷൻ ഭാരവാഹികൾ വാട്സ് ആപ് മുഖേനെയും ഇ മെയിൽ സന്ദേശങ്ങൾ വഴിയും കഴിയുന്നത്ര ആളുകളെ ഒരുമിപ്പിച്ചു. തുടർന്ന് ഇവർ ഇന്ത്യൻ എംബസി ഉദ്യോസ്‌ഥർ വഴി കേന്ദ്ര സർക്കാരിനെ ബന്ധപ്പെട്ടു. തങ്ങൾക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം ഉടൻ ലഭിച്ചെന്ന് ഇവർ പറയുന്നു. പിന്നീട് എംബസി ഉദ്യോഗസ്‌ഥർ തങ്ങളെ ചെറിയ സംഘങ്ങളായി സുഡാനിലെ ജൂബ വിമാനത്താവളത്തിലെത്തിച്ചു. അവിടെ നിന്ന് ഉഗാണ്ടയിലെ കമ്പാല എയർപോർട്ടിൽ വന്ന ശേഷം നേരെ തിരുവനന്തപുരത്തേക്ക് തിരിച്ചു.

എന്നാൽ, ഇനിയും ഏറെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ കലാപഭൂമിയിൽ തങ്ങുന്നുണ്ടെന്ന് ഇവർ പറയുന്നു. ജീവിതത്തിൽ കഷ്‌ടപ്പെട്ടു സമ്പാദിച്ചതൊക്കെ ഉപേക്ഷിച്ചു വരാൻ പലരും തയാറാകുന്നില്ല. കലാപം ശമിച്ചാൽ ഉടൻ തിരിച്ചു പോകണമെന്നാണ് തങ്ങളും ആഗ്രഹിക്കുന്നതെന്ന് വിമാനത്താവളത്തിൽ എത്തിയവർ പറഞ്ഞു.