‘എല്ലാം ശാന്തമായാൽ തിരിച്ചുപോകണം’
Friday, July 15, 2016 12:42 AM IST
പേരൂർക്കട: സുഡാൻ സംഘർഷഭൂമിയിലെ ഗ്രനേഡുകളുടെയും തോക്കുകളുടെയും മുന്നിൽനിന്ന് ഒടുവിൽ അവർ നാട്ടിലെത്തി. എങ്കിലും എല്ലാം ശാന്തമായാൽ തിരിച്ചുപോകും എന്നാണ് സുഡാൻ മലയാളി അസോസിയേഷൻ ചെയർമാൻ കുടപ്പനക്കുന്ന് ഇരപ്പുകുഴി ‘വീട്’ ഹൗസിൽ ശ്രീകുമാരൻ നായരുടെ മകൻ അരുൺകുമാർ (35) പറയുന്നത്. ഇന്ന് പുലർച്ചെയാണ് അരുൺ സഹപ്രവർത്തകർക്കൊപ്പം നാട്ടിലെത്തിയത്.

നോർക്കയുമായി ബന്ധപ്പെട്ടാണ് അരുൺ തിരുവനന്തപുരത്തേക്കുള്ള മാർഗം എളുപ്പമാക്കിത്തീർത്തത്. ഇതിനകം 450 ഓളം മലയാളികൾ നാട്ടിലെത്തിയിട്ടുണ്ടെന്നാണ് കണക്ക്. അരുണിനൊപ്പം എത്തിയ മലയാളികളിൽ കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുള്ളവരുമുണ്ട്. ഇന്ന് പുലർച്ചെയാണ് ഇവരെയും വഹിച്ചുകൊണ്ടുള്ള വ്യോമസേനയുടെ ഗ്ലോബ് മാസ്റ്റർ സി–13 വിമാനം തിരുവനന്തപുരത്ത് എത്തിയത്. സുഡാനിൽ നിന്ന് ഉഗാണ്ടയിലെത്തുകയും അവിടെ നിന്ന് നാട്ടിലെത്തുകയുമായിരുന്നു. സുഡാനിലെ ജൂബയിൽ ബ്ലൂസ്റ്റാർ എൻജിനീയറിംഗ് കമ്പനിയിലെ സ്റ്റാഫാണ് അരുൺ.

സുഡാനിലെ ആഭ്യന്തര പ്രശ്നത്തെക്കുറിച്ച് അരുൺ വ്യക്‌തമാക്കുന്നു: കഴിഞ്ഞ ജൂലൈ എട്ടിനാണ് ആഭ്യന്തരപ്രശ്നം ഉടലെടുക്കുന്നത്. സുഡാൻ പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിലുള്ള പ്രശ്നമാണ് ഇതിനാധാരം. പ്രശ്നം രൂക്ഷമായതോടെ സൈന്യം രണ്ടു തട്ടുകളിലായി സംഘടിച്ചു. തുടർന്ന് യുദ്ധമായി. പ്രശ്നബാധിത പ്രദേശത്തുനിന്ന് കഷ്‌ടിച്ച് ഒരുകിലോമീറ്റർ മാത്രമേയുള്ളൂ അരുൺ ജോലി ചെയ്യുന്ന സ്‌ഥാപനവും താമസസ്‌ഥലവും തമ്മിൽ. ഗ്രനേഡുകളെയും തോക്കുകളെയും കൺമുന്നിൽ കണ്ടതോടെ മനസാകെ ആകുലപ്പെട്ടു. പിന്നെ വൈകിയില്ല. നോർക്കയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനുള്ള മാർഗങ്ങൾ ആരാഞ്ഞു. തങ്ങളുടെ താമസസ്‌ഥലത്തിനടുത്ത് ഷെല്ലുകൾ വന്നു പൊട്ടിത്തെറിക്കുന്നത് ഭീതിയോടെ കണ്ടുനിൽക്കേണ്ടി വന്നുവെന്നും അരുൺ പറയുന്നു.

ഏതായാലും സുഡാൻ ശാന്തമായി വരുന്നതിനാൽ ഉടൻ തിരികെപ്പോക്കുണ്ടാകും. പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ അരുണിനെക്കണ്ടപ്പോൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആശ്വാസമായി. എന്നാൽ പെട്ടെന്നൊന്നും ഇദ്ദേഹത്തിന് അവിടെനിന്നു പോകാൻ സാധിച്ചില്ല. ക്യാമറക്കണ്ണുകൾ അരുണിനെ പൊതിഞ്ഞു. ഏതായാലും ഒരു മലയാളിയുടെ ഇടപെടലിലൂടെ നിരവധി പേർക്കാണ് ഇപ്പോൾ പുതുജീവൻ ലഭിച്ചിരിക്കുന്നത്.