സെൻട്രൽ മാഞ്ചസ്റ്ററിലെ തിരുനാളാഘോഷം പ്രൗഢഗംഭീരമായി
Thursday, July 14, 2016 5:14 AM IST
ലണ്ടൻ: സാൽഫോർഡ് രൂപത സെൻട്രൽ മാഞ്ചസ്റ്റർ സീറോ മലബാർ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ മാർ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്‌ത തിരുനാളാഘോഷം സമുചിതമായി ആഘോഷിച്ചു.

ജൂലൈ 10നു മാർ ജോർജ് പുന്നക്കോട്ടിലിനെയും മറ്റു വൈദിക ശ്രേഷ്ഠരെയും സീറോ മലബാർ സെന്ററിൽനിന്നു സ്വീകരിച്ച് പ്രദക്ഷിണമായി ദേവാലയ അൾത്താരയിലേക്ക് ആനയിച്ചതോടെ ആഘോഷമായ പൊന്തിഫിക്കൽ കുർബാനക്ക് തുടക്കമായി. മാർ ജോർജ് പുന്നക്കോട്ടിൽ മുഖ്യകാർമികത്വം വഹിച്ച വിശുദ്ധ കുർബാനയിൽ ഫാ. തോമസ് തൈക്കൂട്ടത്തിൽ, ഫാ.ജോർജ് ചീരാംകുഴിയിൽ, ഫാ. പ്രിൻസ് തുമ്പിയാംകുഴിയിൽ, ഫാ. ഇയാൻ ഫാരൻ, ഡീക്കൻ ജോബോയ് എന്നിവർ സഹകാർമികരായിരുന്നു.

ദുഃഖത്തിലും പ്രതിസന്ധിയിലും ദൈവപരിപാലനയിലും ആശ്രയിച്ച് മുന്നോട്ടു പോവുക എന്നതാണു ക്രിസ്തീയ ജീവിതമെന്നും ലോകത്തിന്റെ ഏതു കോണിലേക്കു നമ്മൾ കുടിയേറിയാലും നമ്മുടെ വിശ്വാസവും പാരമ്പര്യവും കാത്തു സംരക്ഷിക്കുവാനും അതു ഭാവിതലമുറയ്ക്ക് പകർന്നു കൊടുക്കുവാൻ നമുക്കു കടമയുണ്ടെന്നും ദിവ്യബലി മധ്യേ നൽകിയ സന്ദേശത്തിൽ മാർ പുന്നക്കോട്ടിൽ ഓർമിപ്പിച്ചു. റോയ് മാത്യുവിന്റെയും ഹർഷ ഹാൻസിന്റെയും നേതൃത്വത്തിലുള്ള ഗായകസംഘം ദിവ്യബലി കൂടുതൽ ഭകതിസാന്ദ്രമാക്കി.

തുടർന്നു വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചു നടന്ന പ്രദക്ഷിണത്തിൽ നൂറു കണക്കിനു വിശ്വാസികൾ പങ്കെടുത്തു. പ്രദക്ഷിണം തിരികെ ദേവാലയത്തിൽ പ്രവേശിച്ച ശേഷം ലദീഞ്ഞ്, വിശുദ്ധ കുർബാനയുടെ ആശീർവാദം നേർച്ചവിതരണം എന്നിവ നടന്നു.

തുടർന്നു സീറോ മലബാർ പാരീഷ് ഹാളിൽ നടന്ന ഇടവക ദിനാഘോഷ പരിപാടികൾ മാർ ജോർജ് പുന്നക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. സെൻട്രൽ മാഞ്ചസ്റ്റർ സീറോ മലബാർ കമ്യൂണിറ്റിക്കുവേണ്ടി പോൾസൺ തോട്ടപ്പിള്ളി മാർ പുന്നക്കോട്ടലിനെ പൊന്നാടയണിയിച്ച് ആദരിച്ചു.

തുടർന്നു ജോബി മാത്യു, ജിൻസി ടോണി എന്നിവരുടെ നേതൃത്വത്തിലുള്ള കൾചറൽ കമ്മിറ്റി ഒരുക്കിയ ദൃശ്യ സംഗീത വിരുന്നും ഇടവകയിലെ വിവിധ വാർഡുകളുടെയും സീറോ മലബാർ യൂത്ത് ലീഗിന്റെയും വിവിധ കലാപ്രകടനങ്ങളും അരങ്ങേറി. ‘ഞാൻ വിശ്വസിക്കുന്നു’ എന്ന ബൈബിൾ നാടകവും അവതരണത്തിലും അഭിനയത്തിലും ഇന്നത നിലവാരം പുലർത്തി. ചടങ്ങിൽ സൺഡേ സ്കൂൾ കുട്ടികൾക്കായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് പിതാവ് സമ്മാനങ്ങൾ വിതരണം ചെയ്തു. ജയ്സൻ മേച്ചേരി സമ്മാനവിതരണത്തിന് നേതൃത്വം നല്കി. ലെയ്ന ജയമോൻ, ജോർജ് മാത്യു എന്നിവർ പ്രസംഗിച്ചു. സമാപിച്ചു. കലവറ കാറ്ററിംഗിന്റെ സ്നേഹവിരുന്നോടെ തിരുനാളാഘോഷങ്ങൾക്കു സമാപനമായി.

ഫാ.തോമസ് തൈക്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ പോൾസൺ തോട്ടപ്പിള്ളി, ജോർജ് മാത്യു തിരുനാൾ കമ്മിറ്റി കൺവീനർമാരായ അനിൽ അധികാരം, തോമസ് വരവുകാല, സാജു കാവുങ്ങ, റോയ് മാത്യു, ടോണി, ജോജി, ജോമി, ജിൻസി ടോണി, ജോമോൾ തുടങ്ങിയവർ തിരുനാളാഘോഷങ്ങൾക്കു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: അലക്സ് വർഗീസ്