ഒളാന്ദിന്റെ ബാർബറുടെ മാസശമ്പളം ഏഴര ലക്ഷം രൂപ !
Wednesday, July 13, 2016 10:51 PM IST
പാരീസ്: ഇരുവശങ്ങളിലും നേർത്ത ഏതാനും മുടിയിഴകൾ. തലയുടെ മുകൾഭാഗത്താകട്ടെ അങ്ങിങ്ങായി ഏതാനും മുടികൾ മാത്രവും. തീർത്തും സാധാരണമായ ഈ കേശഭംഗി സംരക്ഷിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒളാന്ദ് ഒരുമാസം ചെലവഴിക്കുന്നതു ഏഴരലക്ഷത്തോളം രൂപ. (10,000 യൂറോ). പ്രസിഡന്റിനു പ്രതിമാസം 14,900 യൂറോ മാത്രമാണ് ശമ്പളം.

ആക്ഷേപഹാസ്യ പ്രസിദ്ധീകരണമായ ലി കനാർഡ് എൻഷെയിൻ പുറത്തുവിട്ട കണക്കുകൾ കേട്ട് ഞെട്ടിത്തിരിച്ചിരിക്കുകയാണു ഫ്രഞ്ച് ജനത. ഖജനാവിൽ നിന്ന് ഇത്രയും തുക മുടക്കി പ്രസിഡന്റിന്റെ സൗന്ദര്യം സംരക്ഷിക്കണമോയെന്നതിനെക്കുറിച്ചു രാഷ്ട്രീയസംവാദങ്ങളും തുടങ്ങി. ഒളാന്ദ് സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായതിനാൽ ആക്രമണത്തിനു മൂർച്ചയേറെ. ഒലിവർ ബി എന്നു മാത്രമാണു വാർത്തയിൽ ബാർബറെ പരാമർശിക്കുന്നത്. ഭൂരിഭാഗം വിദേശയാത്രകളിലും അദ്ദേഹം ഒളാന്ദിനെ അനുഗമിക്കുന്നു. ശമ്പളത്തിനു പുറമേ സർക്കാർ വീടും കുടുംബാംഗങ്ങൾക്കുള്ള ആനുകൂല്യവും ബാർബർക്കുണ്ട്.

പ്രസിഡന്റിന്റെ ഒരു രഹസ്യവും പുറത്തുവിടരുതെന്ന വ്യവസ്‌ഥയിലാണ് കക്ഷിയെ ജോലിക്കെടുത്തിരിക്കുന്നത്. ജോലിയിൽ നിന്നു പിരിഞ്ഞാലും ഈ വ്യവസ്‌ഥ പാലിക്കണം.

ബാർബർക്ക് പ്രതിമാസം 9,985 യൂറോ ശമ്പളം നൽകുന്നുണ്ടെന്നും ഇതു ന്യായമായ പ്രതിഫലമാണെന്നുമാണ് പ്രസിഡന്റിന്റെ വക്‌താവ് സ്റ്റീഫൻ ലിഫോളിന്റെ സ്‌ഥിരീകരണം. കട അടച്ചുപൂട്ടി, ദിവസം മുഴുവൻ അദ്ദേഹം പ്രസിഡന്റിനൊപ്പമാണ്. 2010 ൽ നിക്കോളാസ് സർക്കോസിയിൽ നിന്ന് അധികാരമേറ്റശേഷം പ്രസിഡന്റിന്റെ വസതിയായ എലീസി കൊട്ടാരത്തിന്റെ പ്രവർത്തനച്ചെലവിൽ 15 മുതൽ 20 ശതമാനം വരെ കുറവുണ്ടെന്നും വക്‌താവ് വിശദീകരിക്കുന്നു.