ജർമൻ സ്കൂളിൽ ഹസ്തദാന വിവാദം വീണ്ടും
Wednesday, July 13, 2016 8:15 AM IST
ഹാംബുർഗ്: ജർമനിയിലെ മറ്റൊരു സ്കൂളിൽക്കൂടി വിദ്യാർഥി അധ്യാപികയ്ക്ക് ഹസ്തദാനം നിഷേധിച്ചു. സംഭവം വിവാദവുമായി.

കർട്ട് ടകോൾസ്കി സ്കൂളിൽ, അബിറ്റൂർ പരീക്ഷ (12ാം ക്ലാസ്) പാസായ വിദ്യാർഥിക്കു നേരേ കൈനീട്ടിയ അധ്യാപികയാണ് അപമാനിക്കപ്പെട്ടത്. മുസ്ലിം വിദ്യാർഥി അധ്യാപികയ്ക്ക് ഹസ്തദാനം ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു.

ബഹുമാനക്കുറവല്ല കാരണമെന്നും മതപരമായ നിബന്ധനകളാണെന്നും വിദ്യാർഥി പിന്നീട് വിശദീകരിച്ചു. പിന്നീട്, പ്രധാനാധ്യാപികയ്ക്കും ഇതേ വിദ്യാർഥി ഹസ്തദാനം നിഷേധിച്ചതോടെ മറ്റ് അധ്യാപകർ പ്രതിഷേധിച്ചു.

കുട്ടിയെ ചടങ്ങിൽനിന്നു പുറത്താക്കണമെന്ന് അവർ ആവശ്യപ്പെട്ടെങ്കിലും പ്രധാനാധ്യാപിക ആൻഡ്രിയ ലൂഡ്കെ അതിനു തയാറായില്ല. തുടർന്ന് അഞ്ച് അധ്യാപകർ ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തു.

വിദ്യാർഥിയുടെ മതവിശ്വാസത്തെ മാനിക്കുന്നു എന്നും അവൻ തീവ്രവാദിയൊന്നുമല്ലെന്നും ആൻഡ്രിയ പിന്നീട് വിശദീകരിച്ചു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ