കുവൈത്തിൽ എണ്ണമേഖലയിലും സ്വകാര്യവത്കരണത്തിനു നീക്കം
Wednesday, July 13, 2016 5:50 AM IST
കുവൈത്ത് : ഉദ്പാദന മേഖല ഒഴിച്ചുള്ള മേഖലയിൽ സ്വകാര്യവത്കരണത്തിനു ആലോചന നടക്കുന്നതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ടു ചെയ്തു.

സാമ്പത്തിക പരിഷ്കാരത്തിന്റെ ഭാഗമായി ഫിനാൻസ് ഡിപ്പാർട്ടുമെന്റും എണ്ണ വകുപ്പും ഇതു സംബന്ധിച്ചു പഠിച്ചു വരികയാണെന്നു ഫിനാൻസ് അണ്ടർ സെക്രട്ടറി ഖലീഫ ഹമദ അറിയിച്ചു.

എണ്ണ വിലയിടവും രാജ്യാന്തര ഏജൻസികളുടെ നിരന്തര മുന്നറിയിപ്പുമാണ് ഇത്തരമൊരു ആലോചനയിലേക്ക് രാജ്യത്തെ നയിച്ചതെന്നു കരുതുന്നു. മേഖലയിൽ സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി എണ്ണ കമ്പനികളിൽ നേരിട്ട് ജോലി ചെയ്യുന്ന വിദേശികളെ പുറംപണി കരാരിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. യോഗ്യരായ സ്വദേശികളെ ലഭ്യമാകുന്ന എല്ലാ തസ്തികളിലും നേരിട്ടു നിയമനം നൽകുവാനും വിദേശികളെ നിയമിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ പുറം പണി കരാരിൽ നടപടിക്രമം പൂർത്തിയാക്കാനുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

പൊതുമേഖലയിലും എണ്ണ മേഖലയിലും പരമാവധി വിദേശികളെ കുറച്ച് സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം തുറക്കുക എന്നതാണ് ഇതിന്റെ പിന്നിലെന്നു കരുതുന്നു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ