ഇന്ത്യ–യുകെ ആരോഗ്യ ഉച്ചകോടിയിൽ ഇന്ത്യൻ പ്രതിനിധിയായി മലയാളി ഡോക്ടർ
Wednesday, July 13, 2016 1:08 AM IST
കണ്ണൂർ: ഈ മാസം ലണ്ടനിൽ നടക്കുന്ന ഇന്ത്യ–യുകെ ഉന്നത ആരോഗ്യ ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മലയാളിയായ ഡോ.സുദിൻകുമാർ പങ്കെടുക്കും. ആരോഗ്യ ഉച്ചകോടിയുടെ ഭാഗമായി ബ്രിട്ടീഷ് പാർലമെന്റിൽ 20ന് ഡോ.സുദിൻകുമാർ ഹോമിയോപ്പതിക് ചികിത്സാ മേഖലയെക്കുറിച്ചു പ്രസംഗിക്കും. കോഴിക്കോട് ജില്ലയിലെ വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയാണ് ഡോ. സുദിൻകുമാർ. ബ്രിട്ടീഷ് പാർലമെന്റിൽ ഹോമിയോപ്പതിയെക്കുറിച്ചു പ്രസംഗിക്കുന്ന ആദ്യ വ്യക്‌തിയായി ഈ മലയാളി ചരിത്രത്തിലിടം നേടുകയാണ്. ഹോമിയോപ്പതിയുടെ പിതാവായ ഡോ.സാമുവൽ ഹാനിമാന്റെ 261–ാം ജന്മദിനത്തോടനുബന്ധിച്ചു കഴിഞ്ഞ ഏപ്രിലിൽ ജർമനിയിൽ നടന്ന ലോക ഹോമിയോപ്പതിക് ഡോക്ടർമാരുടെ ആഗോള സമ്മേളനത്തിൽ ഇന്ത്യയിൽനിന്നുള്ള 50 അംഗസംഘത്തെ നയിച്ചത് ഡോ. സുദിൻകുമാറായിരുന്നു. ജർമനിയിലെ ടോർഗോ നഗരത്തിലെ ഡോ. ഹാനിമാന്റെ വസതിയിൽ നടന്ന സെനിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രബന്ധം അവതരിപ്പിച്ചിരുന്നു. നിലവിൽ ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷന്റെ ദേശീയ സെക്രട്ടറി ജനറലാണ് ഡോ.സുദിൻകുമാർ. ഹോമിയോപ്പതിക് മെഡിക്കൽ പനോരമ എന്ന മെഡിക്കൽ ജേർണലിന്റെ എഡിറ്റർ ഇൻ ചീഫ് ആയും പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷന്റെ സ്‌ഥാപക ട്രഷററായിരുന്നു. കോഴിക്കോട് ഹോമി യോ മെഡിക്കൽ കോളജിലെ പത്താം ബാച്ച് വിദ്യാർഥിയായ ഇദ്ദേഹം വടകര മുക്കാളിയിൽ പ്രാക്ടീസ് ചെയ്തു വരികയാണ്. തട്ടോളിക്കരയിലെ പരേതനായ വട്ടക്കണ്ടി ബാലൻ മാസ്റ്റർ–കമലാക്ഷി ദമ്പതികളുടെ മകനാണ്. അധ്യാപികയായ ഷെറിൻ തിലകാണ് ഭാര്യ. വിദ്യാർഥിനികളായ നിധി, ദിയ എന്നിവർ മക്കൾ.