സ്പോർട്സ് കോർട്ടും കൈവെടിഞ്ഞു; ഷറപ്പോവയ്ക്ക് ഒളിമ്പിക്സ് നഷ്‌ടമാവും
Tuesday, July 12, 2016 8:21 AM IST
ലൂസേൻ: ഉത്തേജക മരുന്നുപയോഗിച്ചതായി തെളിഞ്ഞതിനെത്തുടർന്ന് ഏർപ്പെടുത്തിയ വിലക്കിനെതിരേ ടെന്നിസ് താരം മരിയ ഷറപ്പോവ നൽകിയ അപ്പീൽ സ്വിറ്റ്സർലൻഡിലെ സ്പോർട്സ് കോടതി മാറ്റിവച്ചു. ഇതോടെ റഷ്യൻ താരത്തിന് റിയോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നുറപ്പായി.

അപ്പീലിൽ വിധി പറയുന്നത് രണ്ടു മാസത്തേയ്ക്കാണ് മാറ്റിയിരിക്കുന്നത്. ആ സമയം വിധി അനുകൂലമായാൽ പോലും ഒളിമ്പികിസ് നഷ്‌ടമായിട്ടുണ്ടാവും. ജനുവരിയിൽ നടന്ന ഓസ്ട്രേലിയൻ ഓപ്പണിനിടെയാണ് ഷറപോവ മരുന്നടിച്ചതായി തെളിഞ്ഞത്. അർഹിക്കുന്നതിലേറെ വലിയ ശിക്ഷയാണ് അതിനു തനിക്കു വിധിച്ചിരിക്കുന്നതെന്നാണ് ഷറപോവയുടെ വാദം.

തെളിവുകൾ സമർപ്പിക്കാൻ കൂടുതൽ സാവകാശം ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് അപ്പീലിലെ വിധി സെപ്റ്റംബറിലേക്കു നീട്ടാൻ കോടതി തീരുമാനിച്ചത്.

ഷറപോവയെ നേരത്തെ ആന്റി ഡോപ്പിംഗ് ഏജൻസി ‘വാഡ’ സസ്പെൻഡ് ചെയ്തിരുന്നു. ലോക ഉത്തേജക വിരുദ്ധ ഏജൻസി നിരോധിച്ച മരുന്നു കഴച്ചതായി ഓസ്ട്രേലിയൻ ഓപ്പണിനുശേഷം നടത്തിയ പരിശോധനയിൽ വ്യക്‌തമായതാണു കാരണം.

മെൽഡോണിയം എന്ന ഈ മരുന്ന് കഴിഞ്ഞ പത്തു വർഷമായി കഴിക്കുന്നതാണെന്നു ഷറപോവ സമ്മതിച്ചിരുന്നു. എന്നാൽ, വാഡ ഈ വർഷം ജനുവരി ഒന്നിനു മാത്രമാണ് ഇതു നിരോധിച്ചത്. നിരോധിക്കാൻ പോകുന്നതായി ഡിസംബർ കഴിഞ്ഞ 22 നു തന്നെ എല്ലാ അത്ലറ്റുകളെയും അറിയിച്ചിരുന്നെങ്കിലും ഷറപോവ അതത്ര കൂട്ടാക്കിയിരുന്നില്ല.

ഈ മരുന്ന് കഴിച്ചാൽ കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് അടുത്തിടെയാണ് സ്‌ഥിരീകരിക്കപ്പെട്ടത്. തുടർന്നാണ് നിരോധിക്കാൻ വാഡ തീരുമാനിച്ചത്.

എന്നാൽ, താനിതു മരുന്നായാണ് കഴിച്ചിരുന്നതെന്നും ചില ആരോഗ്യ പ്രശ്നങ്ങളും പാരമ്പര്യമായി പ്രമേഹവും പകരാനിടയുള്ളതിനാലാണ് മരുന്ന് കഴിച്ചിരുന്നതെന്നും ഷറപോവ വ്യക്‌തമാക്കിയിരുന്നു.

സസ്പെൻ ലഭിച്ചതിനെ തുടർന്നു നൈക്ക്, പോർഷെ, ടാഗ് ഹൊയർ തുടങ്ങിയ കമ്പനികൾ ഷറപ്പോവയുമായുള്ള പരസ്യ കരാർ റദ്ദാക്കുകയും ചെയ്തത് ഷറപ്പോവയെ നിരാശയാക്കി.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ