സാൻഫ്രാൻസിസ്കോയിൽ സ്റ്റൈറോഫോം നിരോധിച്ചു
Tuesday, July 12, 2016 6:08 AM IST
സാൻഫ്രാൻസിസ്കോ: സ്റ്റൈറോഫോമും സമാനമായ സാധനങ്ങളും സാൻഫ്രാൻസിസ്കോയിൽ നിരോധിച്ചു. പിക്നിക്കുകൾക്കും പാർട്ടികൾക്കും വലിയ തോതിൽ ഉപയോഗിച്ചുവന്നിരുന്ന കപ്പുകളും പ്ലേറ്റുകളും ഇനി വാങ്ങുവാനോ ഉപയോഗിക്കുവാനോ ആവില്ല.

പോളിസ്ട്രീൻ ഫോം കൂളറുകളും കുട്ടികളുടെ നീന്തൽക്കുള കളിപ്പാട്ടങ്ങളും കപ്പലണ്ടികൾക്കും മറ്റും ഉപയോഗിച്ചിരുന്ന പാക്കിംഗുകളുമെല്ലാം ഇനി പഴങ്കഥയായി മാറും. ക്യാരി ഔട്ട് കണ്ടെയ്നറുകളും സ്റ്റൈറോഫോമിലായതിനാൽ ഇനി മറ്റു മാർഗങ്ങൾ തേടേണ്ടിവരും. സാൻഫ്രാൻസികോയിലുള്ള നഗരങ്ങളിലും കൗണ്ടികളിലും നിരോധനം പ്രാബല്യത്തിൽ വന്നു.

വളരെ വിലകുറഞ്ഞ ഇൻസുലേറ്റിംഗ് ഫോമായ സ്റ്റൈറോഫോമിനു പാനീയങ്ങളും സാധനങ്ങളും ചൂടായും തണുപ്പിച്ചും കൂടുതൽ സമയം സൂക്ഷിക്കുവാൻ കഴിഞ്ഞിരുന്നു. ഭാരം കുറഞ്ഞ ഈ പ്ലാസ്റ്റിക്കിന് അഴുകി ഇല്ലാതാകാൻ ഏറെക്കാലം വേണ്ടിവന്നിരുന്നു. ഇത് ജലസ്രോതസുകളെ മലിനീകരിക്കുകയും ജല ജീവികളേയും പക്ഷികളേയും രോഗബാധിതമാക്കുകയും ചെയ്തിരുന്നു എന്ന പരിസ്‌ഥിതി വാദികളുടെ വാദം ശരിവച്ചാണ് അധികൃതരുടെ ഈ നീക്കത്തിനു പിന്നിൽ.

നിരോധനത്തെ വ്യവസായികൾ അനുകൂലിച്ചു. 2020 ഓടെ ലാൻഡ് ഫില്ലുകളിലേയ്ക്ക് ഒന്നും അയയ്ക്കകയില്ല എന്ന സാൻഫ്രാൻസിസ്കോ തീരുമാനത്തോട് തികച്ചും പ്രതിജ്‌ഞാബദ്ധമാണെന്നു ചേംബർ ഓഫ് കൊമേഴ്സ് സീനിയർ വൈസ് പ്രസിഡന്റ് ജിം ലാസറസ് പറഞ്ഞു.

<ആ>റിപ്പോർട്ട്: ഏബ്രഹാം തോമസ്