ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ തിരുനാൾ നൈറ്റും ദുക്റാന ദിനാചരണവും
Tuesday, July 12, 2016 4:52 AM IST
ഷിക്കാഗോ: സീറോ മലബാർ കത്തീഡ്രലിൽ ദുക്റാന തിരുനാളിനോടനുബന്ധിച്ച് നടന്ന തിരുനാൾ നൈറ്റ് ‘വിസ്മയ 2016’ അതിമനോഹരമായി. ഇടവകയിലെ യുവജനങ്ങൾ ഏറ്റെടുത്തു നടത്തിയ തിരുനാളിലെ മനോഹര സായാഹ്നങ്ങളിലൊന്നായി ഈ ആഘോഷം.

ജൂലൈ രണ്ടാംതീയതി ശനിയാഴ്ച വൈകുന്നേരം നടന്ന ഇംഗ്ലീഷ് കുർബാനയിൽ ഫാ. ജോസഫ് പാലയ്ക്കൽ കാർമികത്വം വഹിച്ചു ഇടവക വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, ഫാ. ഡേവിഡ് മൗറി, ഫാ. സെബാസ്റ്റ്യൻ പുരയിടം, ഫാ. വിനോദ് മഠത്തിപ്പറമ്പിൽ, ഫാ. ആന്റണി തുണ്ടത്തിൽ, ഫാ. മാത്യു പന്തലാനിക്കൽ, ഫാ. ഫ്രാൻസീസ് നമ്പ്യാപറമ്പിൽ, ഫാ. പോൾ ചാലിശേരി എന്നിവർ സഹകാർമികത്വം വഹിച്ചു. തിരുനാൾ സന്ദേശം നൽകിയ ഫാ. ഡേവിഡ് മാർത്തോമാ ക്രിസ്ത്യാനികളെന്ന നിലയിൽ ഏറ്റവും അഭിമാനംകൊള്ളുവാനും, വിശ്വാസ–ത്യാഗ മാതൃകയായ മാർത്തോമാൾീഹായുടെ മാതൃക ഏവർക്കും തുടരാൻ കഴിയട്ടെ എന്നും ആശംസിച്ചു.

തുടർന്ന് നടന്ന തിരുനാൾ നൈറ്റ് ‘വിസ്മയ 2016’ പുതുമയാർന്ന അവതരണങ്ങളിലൂടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ജോ കണികുന്നേൽ, വിബിൻ ഫിലിപ്പ്, എന്നിവർ ഏവരേയും സ്വാഗതം ചെയ്തു. സി.വൈ.എം അംഗങ്ങളുടെ പ്രാർത്ഥനാതീതത്തിനുശേഷം ഇടകാദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം നിർവഹിച്ചു. യുവജനങ്ങളുടെ നേതൃത്വത്തിനും കൂട്ടായ്മയ്ക്കും ഏറെ അനുമോദനങ്ങൾ അർപ്പിച്ച പിതാവ് ഇടവകയുടെ ഭാവി യുവജനങ്ങളുടെ കൈയ്യിൽ സുരക്ഷിതമാണെന്നു തനിക്കുറപ്പുണ്ടെന്ന് പറഞ്ഞു. ഇടവക വികാരി അഗസ്റ്റിനച്ചൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എസ്.എം.സി.സിയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകി. ടെറിൽ വള്ളിക്കളം, മാനുവൽ കാപ്പൻ, അഖില അബ്രഹാം എന്നിവർ സ്കോളർഷിപ്പിന് അർഹരായി. തുടർന്ന് വൈവിധ്യമാർന്ന കലാരൂപങ്ങൾ അരങ്ങേറി. ‘സീറോ മലബാർ ഐഡന്റിറ്റി’ എന്നതായിരുന്നു പ്രമേയം. ഇടവകയിലെ കുഞ്ഞുങ്ങളുടെ മനോഹര അവതരണങ്ങൾക്കൊപ്പം പോളിഷ്, മെക്സിക്കൻ ഗ്രൂപ്പുകളുടെ പ്രകടനങ്ങൾ ശ്രദ്ധേയമായി. ഇടവകയിലെ യൂത്ത് സംഗീത ഗ്രൂപ്പിന്റെ മാസ്മരിക സംഗീതം ഏറെ മനോഹരമായി. മെൻ ഓഫ് ഡാൻസ് (വി.ഐ.സി), സെന്റ് ലൂയീസ് യൂണിവേഴ്സിറ്റി ഡാൻസ് ഗ്രൂപ്പ് റാസ് എന്നിവയും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. സിവൈഎം അംഗങ്ങൾ അവതരിപ്പിച്ച ഓട്ടംതുള്ളൽ എല്ലാവരും ചിരിയുടെ അനുഭവമായി മാറി. ആഷ്ലി തെങ്ങുംമൂട്ടിൽ, റീന നെടുങ്ങോട്ടിൽ, ലയ തോമസ്. അഞ്ജു ആന്റണി എന്നിവർ പരിപാടികളുടെ ഒരുക്കത്തിനും, അവതരണത്തിനും നേതൃത്വമേകി. സീറോ മലബാർ വിശ്വാസത്തെക്കുറിച്ച് വിവിധ പ്രായത്തിലുള്ള യുവജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും വ്യക്‌തമാക്കുന്ന വീഡിയോ ശകലങ്ങൾ ഏറെ ശ്രദ്ധേയമായി.

ജൂലൈ മൂന്നിനു(ദുക്റാന ദിനം) വൈകുന്നേരം 4.30ന് ആരംഭിച്ച ദിവ്യബലിയിൽ മാർ ജോയി ആലപ്പാട്ട് കാർമികത്വം വഹിച്ചു. ഫാ. ബ്രിട്ടോ ബർക്കുമാൻസ് തന്റെ സന്ദേശത്തിൽ യേശുവിനെ അറിയുവാനും സ്നേഹിക്കുവാനും, പിന്തുടരാനും ഏവരേയും ആഹ്വാനം ചെയ്തു. മാർ ജേക്കബ് അങ്ങാടിയത്ത്, മാർ വർഗീസ് തോട്ടക്കര എന്നീ ബിഷപ്പുമാരും, റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, ഫാ. അബ്രഹാം മുത്തോലം, ഫാ. ആന്റണി തുണ്ടത്തിൽ, ഫാ. പോൾ ചാലിശേരി, ഫാ. മാത്യു പന്തലാനിക്കൽ, ഫാ. സെബാസ്റ്റ്യൻ പുരയിടം, ഫാ. ഡേവിസ് എടശേരി, ഫാ. തോമസ് കുറ്റ്യാനി, ഫാ. വിനോദ് മഠത്തിപ്പറമ്പിൽ, ഫാ. ബിജു ചൂരപ്പാടത്ത്, ഫാ. തോമസ് വട്ടപ്പള്ളി, ഫ്ര. പ്രദീപ് കൈപ്പത്തിപ്പാറയിൽ, ഫാ. ജോസഫ് കപ്പലുമാക്കൽ എന്നീ വൈദീകരും കാർമികരായ ആഘോഷമായ റാസ കുർബാന ഏറെ ഭക്‌തിനിർഭരമായി. തുടർന്ന് പ്രസുദേന്തി വാഴ്ച നടന്നു. അടുത്തവർഷം തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത് സെന്റ് ജോൺസ് (സൗത്ത് വെസ്റ്റ്) വാർഡ് അംഗങ്ങളാണ്.

തുടർന്ന് പരമ്പരാഗത ശൈലിയിൽ, തനി കേരളത്തനിമയിൽ വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങളും വഹിച്ച് ചെണ്ടമേളങ്ങളുടേയും, കൊടിതോരണങ്ങളുടേയും, മുത്തുക്കുടകളുടേയും അകമ്പടിയോടെ നടന്ന പ്രദക്ഷിണം പ്രാർത്ഥനാനിർഭരവും അതിമനോഹരവുമായി. കുട്ടികൾ അവതരിപ്പിച്ച ഫ്ളാഷ് മോബും, ഡി.ജെയും അവതരണത്തിന്റെ പുതുമകൊണ്ടും, കുട്ടികളുടെ പങ്കാളിത്തംകൊണ്ടും ഏറെ ശ്രദ്ധേയമായി. അതിമനോഹരമായ ലേസർഷോയും, തുടർന്ന് സ്നേഹവിരുന്നുമുണ്ടായിരുന്നു.

എബിൻ കുര്യാക്കോസ്, ആഷ്ലി തെങ്ങുംമൂട്ടിൽ, ഓസ്റ്റിൻ ലാകായിൽ, ജോ കണികുന്നേൽ, ജോ ലൂക്ക് (അപ്പു) ചിറയിൽ, ജോസഫ് ജോർജ്, റീന നെടുങ്ങോട്ടിൽ, സാൻജോ തുളുവത്ത്, സൂസൻ സണ്ണി, വിബിൻ പേരാലുങ്കൽ എന്നീ തിരുനാൾ കോർഡിനേറ്റർമാരോടൊപ്പം ജിബു ജോസഫ്, ജോൺ കൂള എന്നിവരുടെ നേതൃത്വത്തിൽ എല്ലാ യുവജനങ്ങളും ഒന്നുചേർന്നു നടത്തിയ ഈ ഭക്‌ത്യാദരപൂർവ്വമായ തിരുനാൾ ഇന്ത്യയ്ക്കു പുറത്ത് സീറോ മലബാർ സമൂഹത്തിന്റെ വിശ്വാസപിന്തുടർച്ചയുടെ പ്രതീകമായി മാറി. ബീന വള്ളിക്കളം അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം