ദുബായിയിൽ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ടയർ പൊട്ടി; വിമാനം അടിയന്തരമായി ഇറക്കി
Monday, July 11, 2016 5:10 AM IST
ദുബായി: ദുബായിയിൽ നിന്ന് പറന്നുയർന്ന സ്പൈസ് ജെറ്റ് വിമാനത്തിന്റെ ടയർ പൊട്ടിയതിനെ തുടർന്നു വിമാനം അടിയന്തരമായി നിലത്തിറക്കി. മലയാളികൾ ഉൾപ്പടെയുള്ള യാത്രക്കാരെ രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് കറക്കി, ആശങ്കയിലാഴ്ത്തിയ വിമാനം, പിന്നീട് അൽ മക്‌തൂം വിമാനത്താളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.

ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ ഒന്നിൽ നിന്നു ശനിയാഴ്ച പുലർച്ചെ നാലിനു മുംബൈയ്ക്ക് പുറപ്പെടേണ്ട വിമാനമായിരുന്നു ഇത്.ഒന്നേകാൽ മണിക്കൂർ വൈകി, രാവിലെ 5.15 നാണ് പുറപ്പെട്ടത്. സ്പൈസ് ജെറ്റിന്റെ എസ് ജി 014 എന്ന, ബോയിങ് വിമാനത്തിന്റെ പിൻഭാഗത്തെ വലതു ടയറാണ് പൊട്ടിയത്. ഉടൻ തകരാർ കണ്ടെത്തിയതിനെ തുടർന്ന്, അടിയന്തരമായി ഇറക്കുകയായിരുന്നു. മലയാളികൾ ഉൾപ്പടെ 179 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. മലയാളി യാത്രക്കാരിൽ കൂടുതലും കാസർകോഡ്, കണ്ണൂർ സ്വദേശികളായിരുന്നു. തുടർന്ന്, രാവിലെ 7.45 –നു വിമാനം, ദുബായിലെ അൽ മക്‌തൂം എന്ന പുതിയ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ടയർ പൊട്ടിയ വലിയ ശബ്ദം താൻ കേട്ടതായി വിമാനത്തിലെ യാത്രക്കാർ പറഞ്ഞു.

വിമാനം രണ്ടു വട്ടം നിലത്തിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നു മൂന്നാംവട്ട ശ്രമത്തിലാണ് ഇത് സാധ്യമായത്. ദുബായ് പൊലീസ്, ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങീ എല്ലാ സുരക്ഷാ സന്നാഹങ്ങളും അൽ മക്‌തൂം വിമാനത്താവളത്തിൽ നില ഉറപ്പിച്ചിരുന്നു. തുടർന്നാണ് അടിയന്തര ലാന്റിങ് നടത്തിയത്.

ഇതിനിടെ, വിമാന സർവീസ് മുടങ്ങിയിട്ടും യാത്രക്കാരോട് സ്പൈസ് ജെറ്റ് വിമാന കമ്പനി മോശമായി പെരുമാറിയെന്നും യാത്രക്കാർ പരാതിപ്പെട്ടു. രാവിലെ യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് മാത്രമാണ് സാൻവിച്ചും കാപ്പിയും തന്നതെന്നും ഇവർ പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരും ഇതുമൂലം ദുരിതത്തിലായി. ഞായറാഴ്ട നടക്കുന്ന വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനായി പോകുന്നവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

<യ> റിപ്പോർട്ട്: അനിൽ സി. ഇടിക്കുള