വിശ്വസ്ത സേവനത്തിനു അനിൽപിള്ളക്ക് വീണ്ടും അംഗീകാരം
Saturday, July 9, 2016 8:10 AM IST
ഷിക്കാഗോ: കഴിഞ്ഞ നാലു പതിറ്റാണ്ടായി അമേരിക്കയിൽ സ്‌ഥിരതാമസമാക്കിയിരിക്കുന്ന അനിൽകുമാർ പിള്ള പതിനഞ്ചു വർഷക്കാലമായി സ്കോക്കി വില്ലേജിലെ കൺസ്യൂമർ അഫയേഴ്സ് കമ്മീഷണറാണ്. അദ്ദേഹത്തെ സ്തുത്യർഹമായ സേവനത്തെ സ്കോക്കി വില്ലേജ് മേയർ ജോർജ് വാൻഡ്യൂസൻ പ്രത്യേകം അഭിനന്ദിച്ചു. അതോടൊപ്പം അദ്ദേഹത്തിന്റെ കാലാവധി നീട്ടുകയും ചെയ്തു.

അമേരിക്കയിലെ വിവിധ സാംസ്കാരിക–സാമൂഹിക– മത സംഘടനകളിലൂടെയും അദ്ദേഹത്തിന്റെ സാമൂഹിക സേവനം ഇതിനോടകം തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ, കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക, ഗീതാമണ്ഡലം, ഏഷ്യൻ അമേരിക്കൻ കോ അലിഷൻ, മിഡ് അമേരിക്കൻ മലയാളി അസോസിയേഷൻ, ഇല്ലിനോയി മലയാളി അസോസിയേഷൻ എന്നീ സംഘടനകളുടെ പ്രസിഡന്റായിരുന്ന അദ്ദേഹം ഒട്ടേറെ സംഭാവനകൾ സാമൂഹിക നന്മയ്ക്കുവേണ്ടി ചെയ്തിട്ടുണ്ട്. സാമൂഹ്യ–സാംസ്കാരിക–മത സംഘടനകൾക്കും സമൂഹത്തിനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എല്ലായ്പ്പോഴും ഒരു മുതൽക്കൂട്ടാണ്. ജാതി–മത–രാഷ്ട്രീയ ഭേദമെന്യേ അദ്ദേഹത്തിന്റെ പൊതുപ്രവർത്തനം അമേരിക്കയിലും ഇന്ത്യയിലും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം