സാന്റാ അന്നയിൽ മാർ തോമാൾീഹായുടെ ദുക്റാന തിരുനാൾ ആഘോഷിച്ചു
Saturday, July 9, 2016 8:09 AM IST
ലോസ്ആഞ്ചലസ്: കലിഫോർണിയയിലെ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോന ദേവാലയത്തിൽ ഇടവക മധ്യസ്‌ഥനായ മാർത്തോമാൾീഹായുടെ തിരുനാൾ ആഘോഷിച്ചു.

തിരുനാളിനു തുടക്കംകുറിച്ചുകൊണ്ടുള്ള കൊടിയേറ്റ് ജൂൺ 26–നു വികാരി ഫാ. ജയിംസ് നിരപ്പേൽ നിർവഹിച്ചു. തിരുനാളിനോടനുബന്ധിച്ച് ജൂൺ 26 മുതൽ ജൂലൈ മൂന്നു വരെ ദിവസവും വൈകുന്നേരം വിശുദ്ധ കുർബാന, തോമാൾീഹായുടെ നൊവേന, ജാഗരണ പ്രാർഥന, ലദീഞ്ഞ്, വാഴ്വ് എന്നിവ നടന്നു.

പ്രധാന തിരുനാൾ ദിനമായ ജൂലൈ രണ്ടിനു വൈകുന്നേരം അഞ്ചിനു നടന്ന തിരുനാൾ കുർബാനയിൽ സുപ്രസിദ്ധ സംഗീജ്‌ഞനായ ഫാ. മാർട്ടിൻ വരിക്കാനിക്കൽ മുഖ്യകാർമികനായിരുന്നു. എസ്വിഡി സഭയുടെ അമേരിക്കയിലെ ഈസ്റ്റേൺ റീജണൽ പ്രൊവിൻഷ്യാൾ ഫാ. സോണി ജോസഫ് തിരുനാൾ സന്ദേശം നൽകി. ഫാ. കുര്യാക്കോസ് വാടാന എംഎസ്ടി, ഫാ. സിജു മുടക്കോടിൽ, ഫാ. ആഞ്ചലോസ് സെബാസ്റ്റ്യൻ, ഫാ. മനോജ് പുത്തൻപുരയ്ക്കൽ, ഫാ. ബിജു മണ്ഡപത്തിൽ എസ്വിഡി., ഫാ. പോൾ പൂവത്തിങ്കൽ സിഎംഐ, ഫാ. ബേബി ഷെപ്പേർഡ് സിഎംഐ, ഫാ. വിജു എംഎസ്ടി, ഫാ. ജയിംസ് നിരപ്പേൽ എന്നിവർ സഹകാർമികരായിരുന്നു.

ദിവ്യബലിക്കുശേഷം വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ച് തിരുനാൾ പ്രദക്ഷിണം നടന്നു. തുടർന്നു സ്നേഹവിരുന്നും നടന്നു. സെന്റ് തോമസ് ഗായകസംഘാംഗങ്ങളുടെ ഗാന ശുശ്രൂഷ തിരുനാൾ കുർബാന ഭക്‌തിസാന്ദ്രമാക്കി.

തുടർന്നു ഇടവകാംഗങ്ങൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ഇൻഫന്റ് ജീസസ് വാർഡിലെ കലാകാരന്മാർ അണിനിരന്ന കോമഡി ഷോയും ഫാ. പോൾ പൂവത്തിങ്കൽ സിഎംഐയുടെ ഗാനമേള ഏവരും ആസ്വദിച്ചു. സെന്റ് തോമസ് യുവജന സംഘടനയുടെ ആഭിമുഖ്യത്തിൽ ‘ബെയിംഗ് സെയിൽ’ നടത്തി. ബിജു ജോർജ്, ഷാജി പാലാട്ടി എന്നിവർ തിരുനാൾ ദിനങ്ങളിലെ ചെണ്ടമേളത്തിനു നേതൃത്വം നൽകി.

ജൂലൈ മൂന്നിനു രാവിലെ ദിവ്യബലി, ലദീഞ്ഞ്, നൊവേന, ആരാധന എന്നിവയ്ക്കുശേഷം വികാരി ഫാ. ജയിംസ് നിരപ്പേൽ കൊടിയിറക്കി. തുടർന്നു സ്നേഹവിരുന്നോടെ തിരുനാൾ സമാപിച്ചു.

ഈവർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തിയത് ഇൻഫന്റ് ജീസസ് വാർഡുകാരാണ്. വാർഡ് പ്രതിനിധികളായ റോയി വല്യാനയിലും ഡോ. ദീപാ ഷെല്ലിയും നേതൃത്വം നൽകി. ട്രസ്റ്റിമാരായ ബൈജു വിതയത്തിൽ, ബിജു ആലുംമൂട്ടിൽ, സാക്രിസ്റ്റി ജോവി തുണ്ടിയിൽ, പാരീഷ് കൗൺസിൽ അംഗങ്ങൾ, പ്രസുദേന്തിമാർ എന്നിവരെല്ലാം ഒന്നായി പ്രവർത്തിച്ചപ്പോൾ ദൈവകൃപയാൽ തിരുനാൾ മഹോത്സവം വൻ വിജയമായി.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം