അമേരിക്കൻ എയർലൈൻസ് പ്രീമിയം എക്കോണമി ക്ലാസ് ആരംഭിക്കുന്നു
Saturday, July 9, 2016 5:38 AM IST
ഡാളസ്: യാത്രക്കാരുടെ പരാതികൾക്ക് പരിഹാരവുമായി അമേരിക്കൻ എയർലൈൻസ് അവരുടെ ഫ്ളൈറ്റുകളിൽ പ്രീമിയം എക്കോണമി ക്ലാസ് ആരംഭിക്കുന്നു. 787–8 ന്റെ വലിയ വിമാനം, 787–9ലാണ് ഈ സംവിധാനം ഉണ്ടാവുക.

പല വിദേശ കമ്പനികളും പ്രീമിയം എക്കോണമി ക്ലാസിന്റെ സൗകര്യം നൽകുന്നുണ്ടെങ്കിലും ഒരു അമേരിക്കൻ വിമാന കമ്പനി ആദ്യമായാണ് ഈ സൗകര്യം നൽകുന്നത്. ഈ സൗകര്യങ്ങൾക്ക് എക്കോണമി ക്ലാസിനെക്കാൾ ഏതാനും ഡോളറുകൾ അധികം നൽകണം. എന്നാൽ നിരക്കുകൾ ബിസിനസ് ക്ലാസിനെക്കാൾ കുറവായിരിക്കും.

ആദ്യം ഡാളസ് ഫോർട്ട് വർത്തിൽ നിന്ന് മഡ്രിഡിലേയ്ക്കും സാവോ പോളോയിലേയ്ക്കുമുളള സർവീസുകളിൽ നവംബർ നാലു മുതലാണ് പ്രീമിയം എക്കോണമി ക്ലാസുകൾ ഉണ്ടാവുക. 2017 ആരംഭം വരെ എക്കോണമി ക്ലാസിൽ ബുക്കു ചെയ്യുന്ന യാത്രക്കാർക്ക് ഫസ്റ്റ് കം ഫസ്റ്റ് സെർവ്ഡ് ബേസിസിൽ പ്രീമിയം ക്ലാസ് ലഭിക്കും. 2017 മുതൽ പ്രീമിയം ക്ലാസ് വേണ്ടവർക്ക് അതിന്റെ നിരക്കുകൾ നൽകേണ്ടി വരും. അമേരിക്കൻ ഇനി ഉപയോഗപ്രദമാക്കുന്ന 787–9 ലും എയർബസ് എ 350 ലും പിന്നീട് ഇപ്പോൾ നിലവിലുളള എല്ലാ വിമാനങ്ങളിലും പ്രീമിയം ക്ലാസുകൾക്ക് ആവശ്യമായ സംവിധാനം ക്രമീകരിക്കും.

അമേരിക്കയിലെ വിമാന കമ്പനികൾ വരുമാനം വർധിപ്പിക്കുവാൻ ഉദ്ദേശിക്കുന്നതിനോടൊപ്പം യാത്രക്കാരുടെ സൗകര്യങ്ങളും വർധിപ്പിക്കുവാൻ ശ്രമിക്കുന്നു. ഡെൽറ്റ എയർലൈൻസും യുണൈറ്റഡും മാറ്റങ്ങൾ വരുത്തുകയാണ്. ഡെൽറ്റ എക്കോണമിയെക്കാൾ കുറഞ്ഞ നിരക്കുളള ക്ലാസ് ആരംഭിച്ചു. ഇവയിൽ സൗകര്യങ്ങൾ തീരെ കുറവാണ്. കാൻസൽ ചെയ്താൽ ടിക്കറ്റ് ചാർജ് മുഴുവൻ നഷ്‌ടമാവും. അമേരിക്കനും യുണൈറ്റഡും ഇറ്റനോഫ്രിൽസ് ബേസിക് എക്കണോമി ക്ലാസുകൾ ആരംഭിക്കുവാൻ പദ്ധതി ഇട്ടിരുന്നതാണ്. പിന്നീട് പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായില്ല.

അമേരിക്കന്റെ പുതിയ 787–9 ൽ 285 സീറ്റുണ്ടാവും. 30 ലൈഫ്ലാറ്റ് (ബിസിനസ് ക്ലാസ്) 21 പ്രീമിയം എക്കോണമി, 27 മെയിൻ ക്യാബിൻ എക്സ്ട്രാ, 207 മെയിൻ ക്യാബിൻ എന്നിങ്ങനെ ആയിരിക്കും സീറ്റുകൾ. 787–8 ൽ 226 സീറ്റുകളേ ഉളളൂ. കോച്ച് സീറ്റുകളുടെ അകലം ഇപ്പോഴുളള 31 ഇഞ്ചിൽ നിന്ന് 38 ഇഞ്ചായി മാറ്റും. കാല് നീട്ടി വയ്ക്കുവാനും കാലിനും തലയ്ക്കും വിശ്രമം ലഭിക്കുവാനുള്ള സൗകര്യങ്ങളും ഉണ്ടാവും. രാജ്യാന്തര ഫ്ളൈറ്റുകളിൽ പ്രീമിയം എക്കോണമി ക്ലാസുകാർക്ക് കിറ്റുകളും അല്പം കൂടി മെച്ചപ്പെട്ട ഭക്ഷണവും കോംപ്ലിമെന്ററി ആൽക്കഹോളിക് ഡ്രിങ്കും ലഭിക്കുമെന്ന് അമേരിക്കൻ പറയുന്നു.

ഇക്കണോമി ക്ലാസുകളിൽ തീരെ സൗകര്യമില്ലാതെ വലയുന്ന യാത്രക്കാർക്ക് ഒരല്പം ആശ്വാസവും ബിസിനസ് ക്ലാസിന്റെ യാത്രയും ഉയർന്ന ചെലവിലല്ലാതെ നൽകാൻ കഴിയുന്നത് വലിയ നേട്ടമാണെന്ന് അമേരിക്കൻ എയർ ലൈൻസ് പറയുന്നു.

<ആ>റിപ്പോർട്ട്: ഏബ്രഹാം തോമസ്