ഗൾഫിൽ നിന്നും നാട്ടിലേക്ക് പോന്ന രണ്ടു മലയാളികളെ കൂടി കാണാതായി; ഐഎസിൽ ചേർന്നെന്ന് സംശയം
Saturday, July 9, 2016 3:47 AM IST
കാസർഗോഡ്: ഗൾഫിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ രണ്ടു മലയാളികളെ കൂടി കാണാതായി. ഇവരും ഐഎസിൽ ചേർന്നെന്നാണ് സംശയിക്കുന്നത്. കാസർഗോഡ് ജില്ലയിലെ പടന്ന സ്വദേശികളായ ഇവർ ജൂൺ 13ന് ജോലി സ്‌ഥലത്തു നിന്നും നാട്ടിലേയ്ക്ക് എന്നു പറഞ്ഞു പോന്നിരുന്നു. എന്നാൽ ഇവർ കേരളത്തിൽ എത്തിയില്ല. ഖത്തർ, അബുദാബി എന്നിവടങ്ങളിൽ ജോലി ചെയ്യുന്ന ഇവരിൽ ഒരാൾ പടന്ന സ്വദേശി മുഹമ്മദ് സാജുദ്ദീൻ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ചെറിയ പെരുന്നാൾ ദിവസം മുഹമ്മദ് സാജുദ്ദീൻ ഇനി നാട്ടിലേയ്ക്ക് ഇല്ലെന്ന് അറിയിച്ച് ബന്ധുക്കൾക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ ഐഎസിൽ ചേർന്നെന്ന് സംശയിക്കുന്നുവെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചത്. ചന്തേര പോലീസിൽ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. ഇവരെക്കുറിച്ച് ഒരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല.