‘അരുതെന്നു പറഞ്ഞാൽ അരുതെന്നു തന്നെ’: ജർമനിയിൽ പുതിയ മാനഭംഗ നിയമം പാസായി
Friday, July 8, 2016 8:16 AM IST
ബെർലിൻ: മാനഭംഗത്തിനു പുതിയ നിർവചനവും വ്യാഖ്യാനവും നൽകുന്ന തരത്തിൽ ജർമൻ പാർലമെന്റ് നിയമ ഭേദഗതി പാസാക്കി.

ലൈംഗിക വേഴ്ച സ്ത്രീയുടെ സമ്മതത്തോടെ ആയിരുന്നില്ല എന്നു തെളിഞ്ഞാൽ അതു മാനഭംഗം തന്നെയായി കണക്കാക്കുന്ന തരത്തിലാണ് ഭേദഗതി. ശാരീരികമായി എതിർക്കുകയോ ചെറുക്കുകയോ ചെയ്തില്ലെന്നു കരുതി ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായി കണക്കാക്കില്ല മേലിൽ.

മാനഭംഗശ്രമങ്ങൾ പ്രതിരോധിക്കുന്നതിനുള്ള നിയമങ്ങളുടെ കാര്യത്തിൽ ജർമനി മറ്റു വികസിത രാജ്യങ്ങളെക്കാൾ ബഹുദൂരം പിന്നിലാണെന്ന ശക്‌തമായ ആക്ഷേപം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭേദഗതി അവതരിപ്പിച്ചത്. പുതുവർഷത്തലേന്ന് കൊളോണിലുണ്ടായ കൂട്ട ലൈംഗിക അതിക്രമത്തെത്തുടർന്നാണ് ഈ വിഷയം ഒരിക്കൽക്കൂടി ദേശീയ ചർച്ചയായത്.

ബുണ്ടസ്ടാഗിൽ ബിൽ വൻ ഭൂരിപക്ഷത്തോടെ പാസാക്കിയതിനെത്തുടർന്നു എംപിമാർ ആഹ്ലാദ പ്രകടനവും നടത്തി.

മാറിടത്തിൽ സ്പർശിക്കുന്നതും ലൈംഗിക കുറ്റകൃത്യമായി ബില്ലിൽ വ്യവസ്‌ഥ ചെയ്തിരിക്കുന്നു. വലിയ സംഘങ്ങൾ കൂട്ടമായി ഇത്തരം കുറ്റകൃത്യം ചെയ്താൽ അവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്യും.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ