ഹൂസ്റ്റൺ സെന്റ് ജോസഫ്സ് ദേവാലയത്തിൽ സണ്ണി സ്റ്റീഫൻ വചന പ്രഘോഷണം നടത്തി
Friday, July 8, 2016 5:08 AM IST
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് ജോസഫ്സ് സീറോ മലബാർ കാത്തലിക് ദേവാലയത്തിൽ കരുണയുടെ വർഷത്തോടനുബന്ധിച്ചു നടന്ന രണ്ടു ദിവസത്തെ വചന സ്നേഹവിരുന്നിൽ പ്രശസ്ത കുടുംബപ്രേഷിതനും വചനപ്രഘോഷകനും ഫാമിലി കൗൺസിലറും സംഗീതജ്‌ഞനുമായ സണ്ണി സ്റ്റീഫൻ ജീവിതസ്പർശിയായ സമാധാനസന്ദേശം നൽകി.

ലോകത്തിലെ ഏറ്റവും വലിയ ഹീനത വീണവനെ വീണ്ടും ആക്രമിക്കുന്നതാണ്. എത്ര വീണിട്ടാണ് കുഞ്ഞുങ്ങളായിരുന്നപ്പോൾ നാം നടക്കാൻ പഠിച്ചത്. ഒരാളും കുറ്റപ്പെടുത്തിയിട്ടില്ല. അത്തരം അനുഭാവപൂർണമായ പരിഗണനയുടെ ഭാഗ്യം മുതിർന്നവർക്കു ലഭിക്കുന്നില്ലെന്നു സണ്ണി സ്റ്റീഫൻ പറഞ്ഞു.

മാപ്പ് കൊടുക്കാൻ മനുഷ്യരുള്ള ഇടങ്ങളിൽ വീഴ്ചപോലും ഒരു സ്നേഹകൂദാശയായി മാറുന്നു. ദൈവത്തെ മാത്രം നോക്കി ജീവിതം

ക്രമം ചെയ്യുന്നവന് എളിമയുണ്ടാകും. പത്രോസിന്റെ കടലിനു മീതെയുള്ള യാത്രയിൽ അത്രയും നേരം അയാൾ യേശുവിനെ ഉറ്റു നോക്കി ചുവടു ചവിട്ടുകയായിരുന്നു. ക്രിസ്തുവിനെ ഉറ്റുനോക്കുന്നവർക്കാർക്കും അഹത്തിൻറെ ഭാരമുണ്ടാകില്ല. അവർക്കൊരു തൂവലിന്റെ കനമേയുണ്ടാവുകയുള്ളൂവെന്നും സണ്ണി സ്റ്റീഫൻ പറഞ്ഞു.

ദുക്റാന തിരുനാളിനോടനുബന്ധിച്ച് ആഘോഷമായ കുർബാനയും ആരാധനയും ലദീഞ്ഞും ഭക്‌തിനിർഭരമായി നടന്നു.

ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, അസി. വികാരി ഫാ. സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: കെ.ജെ. ജോൺ