ജർമനിയുടെ ആയുധക്കയറ്റുമതി കുതിച്ചുയരുന്നു
Thursday, July 7, 2016 8:32 AM IST
ബെർലിൻ: സർവകാല റിക്കാർഡ് ഭേദിച്ച കഴിഞ്ഞ വർഷത്തെ കടത്തി വെട്ടുന്ന തരത്തിൽ ജർമനിയുടെ ആയുധക്കയറ്റുമതി കുതിച്ചു കയറുന്നു.

ഈ വർഷത്തിന്റെ ആദ്യ പകുതി മാത്രം പിന്നിടുമ്പോൾ നാലു ബില്യൻ യൂറോയുടെ ആയുധ കയറ്റുമതിക്ക് സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൽ അര ബില്യൻ യൂറോയിലേറെയാണ് വർധന.

ആയുധക്കച്ചവടവും കയറ്റുമതിയും കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്നു രാജ്യത്തിന്റെ സാമ്പത്തിക മന്ത്രിയും വൈസ് ചാൻസലറുമായ സിഗ്മർ ഗബ്രിയേൽ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ, ഇതിനെ മറികടക്കുന്ന മുന്നേറ്റം ആയുധ വ്യാപാര മേഖല നടത്തിക്കൊണ്ടിരിക്കുന്നു.

ഇതു സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ ഗബ്രിയേൽ തന്നെ വൈകാതെ പുറത്തുവിടും. കഴിഞ്ഞ വർഷം 7.86 ബില്യൻ യൂറോയുടെ ആയുധക്കയറ്റുമതി ജർമനിയിൽനിന്നു നടത്തിയിരുന്നു. ഈ വർഷം ഈ നിരക്കിൽ പോയാൽ അനായാസം ഇതു മറികടക്കുമെന്നാണ് വിലയിരുത്തൽ.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ