നഷ്‌ടപരിഹാരം നൽകാനാവാതെ മലയാളി യുവാവ് ഒരു വർഷമായി ജയിലിൽ
Thursday, July 7, 2016 8:29 AM IST
റിയാദ്: ജോലിക്കിടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ സംഭവത്തിൽ നഷ്ടപരിഹാരം നൽകാനാവാതെ ഫറോക്ക് കോടമ്പുഴ സ്വദേശി മൻസൂർ ഒരു വർഷമായി ബൽജുർഷി ജയിലിൽ കഴിയുന്നു.

ഒരു വർഷം മുമ്പാണ് സ്വദേശി പൗരന്റെ കോൺട്രാക്ടിംഗ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന മൻസൂർ അപകടത്തിൽ പെട്ടത്. അപകടത്തിൽ മൻസൂർ അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ലൈസൻസ് ഇല്ലാതെയായിരുന്നു വാഹനമോടിച്ചിരുന്നത്. കമ്പനി ലൈസൻസ് എടുത്തു നൽകാതിരുന്നിട്ടും കുടുംബ പ്രാരാബ്ധം കാരണം വാഹനമോടിക്കാൻ തയാറാവുകയായിരുന്നു മൻസൂർ. വാഹനത്തിന് ഇൻഷ്വറൻസ് പരിരക്ഷയുമുണ്ടായിരുന്നില്ല. ഇതോടെ കമ്പനി അധികൃതർ വാഹനത്തിന്റെ നഷ്‌ടം മൻസൂറിന്റെ ചുമലിൽ കെട്ടിവയ്ക്കുകയാണ് ചെയ്തത്. ഒന്നര ലക്ഷം റിയാൽ നഷ്‌ടപരിഹാരമാണ് കമ്പനി ആവശ്യപ്പെട്ടത്.

ബൽജുർഷി കെഎംസിസി നേതാക്കളായ സൈതലവി അരീക്കരയും യൂസുഫ്, ഷരീഫ് ചുങ്കം എന്നിവരും ആവശ്യമായ നിയമ സഹായത്തിനു ജിദ്ദ കോൺസുലേറ്റിൽ ഇടപെടുകയും കേസ് നടത്തുകയും ചെയ്തതിന്റെ ഫലമായി 80,000 റിയാലായി ചുരുക്കി കോടതി വിധി വരികയുമാണുണ്ടായത്. ഇത്രയും തുക കണ്ടെത്താൻ മൻസൂറിന്റെ കുടുംബത്തിനു കഴിയാത്തതിനാൽ സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷ മാത്രമാണ് ഇപ്പോഴുള്ളത്.

സഹായിക്കാൻ താത്പര്യമുള്ളവർ ബൽജുർഷി: സൈതലവി അരീക്കര 0556774119, കുഞ്ഞോയി കോടമ്പുഴ (റിയാദ്) 0503670536, കോയ പാലാബലം (ജിദ്ദ) 0557734864, മാമു നിസാർ (ദമാം) 0502900985 എന്നിവരുമായി*ബന്ധപ്പെടുക.

<ആ>റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ