അഭയാർഥി ക്വോട്ട: ഹംഗറിയിൽ ഹിതപരിശോധന ഒക്ടോബർ രണ്ടിന്
Thursday, July 7, 2016 8:23 AM IST
ബുഡാപെസ്റ്റ്: നിശ്ചിത അളവിലുള്ള ക്വോട്ട സമ്പ്രദായത്തിൽ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളെല്ലാം അഭയാർഥികളെ സ്വീകരിക്കണം എന്ന യൂണിയൻ നിർദേശത്തെ വെല്ലുവിളിച്ച് ഹംഗറി മുന്നോട്ട്. ഈ നിർദേശം അനുസരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള ഹിതപരിശോധന ഒക്ടോബർ രണ്ടിനു നടത്താനാണു നിശ്ചയിച്ചിരിക്കുന്നത്.

നിർദേശം അനുസരിച്ച് 1,60,000 അഭയാർഥികളെയാണ് ഹംഗറി സ്വീകരിക്കേണ്ടത്. എന്നാൽ, വിക്ടർ ഓർബന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സർക്കാർ ഇതിനെ ശക്‌തമായി എതിർക്കുന്നു.

യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കാൻ ബ്രിട്ടീഷ് ജനത ഹിതപരിശോധനയിൽ തീരുമാനിച്ചതാണ് ഇക്കാര്യത്തിൽ ഓർബന് ആത്മവിശ്വാസം നൽകുന്നതെന്നാണ് വിലയിരുത്തൽ.

ബാൾക്കൻ പാത വഴി ജർമനി അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ ലക്ഷ്യമിട്ട അഭയാർഥികളുടെ പ്രധാന ഇടത്താവളമായിരുന്നു ഹംഗറി. ഇതു തടയാൻ സെർബിയയുമായും ക്രൊയേഷ്യയുമായുള്ള അതിർത്തി അടച്ചിടുകയും അഭയാർഥികൾ രാജ്യത്തു കടക്കുന്നതു ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു ഹംഗേറിയൻ സർക്കാർ.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ