മോട്ടോക്രോസ് റെയ്സ് കാണാൻ പോയ ജർമൻ മലയാളി അപകടത്തിൽ മരിച്ചു
Tuesday, July 5, 2016 8:13 AM IST
ബെർലിൻ: ജർമനിയിൽ മോട്ടോക്രോസ് റെയ്സ് കാണാൻ പോയ മലയാളി യുവാവ് അപകടത്തിൽപ്പെട്ടു മരിച്ചു. ജർമനിയിലെ മലയാളി രണ്ടാം തലമുറക്കാരൻ സാഷാ വിറ്റ്വർ (28) ആണ് മരിച്ചത്.

നോർത്തറൈൻ വെസ്റ്റ് ഫാളിയ സംസ്‌ഥാനത്തിലെ ഗുമ്മേഴ്സ്ബാഹ് നഗരത്തിനടുത്തുള്ള വീൽ ബീൽസ്റ്റൈൻ എന്ന സ്‌ഥലത്ത് കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മത്സരത്തിൽ പങ്കെടുക്കവേ നിയന്ത്രണം നഷ്‌ടപ്പെട്ട ബൈക്ക് ബാരിക്കേഡ് തകർത്ത് റോഡരികിൽ കുടുംബസമേതം റേസിംഗ് കണ്ടു നിന്നിരുന്ന സാഷായുടെ മേൽ പതിക്കുകയായിരുന്നു. അപകടം നടന്നയുടൻ പാരാമെഡിക്കുകൾ പ്രഥമ ശുശ്രൂശ നൽകിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്‌ഥലത്തുതന്നെ സാഷാ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യ സ്റ്റെഫിയും രണ്ടു കുട്ടികളും പരിക്കുകൾ കൂടാതെ രക്ഷപെട്ടു.

കുടുംബസമേതം ഹുൽസൻബുഷിൽ താമസിക്കുന്ന സാഷാ ഓട്ടോമൊബൈൽ ബിസിനസുകാരനാണ്. കോഴിക്കോട് കുളത്തുവയൽ സ്വദേശിനി ഇടമന കുടുംബാംഗം ലീലയാണ് സാഷയുടെ മാതാവ്. സഹോദരി സീമ വിദ്യാർഥിനിയാണ്.

അപ്രതീക്ഷിതമായ ഈ സംഭവം ജർമനിയിലെ മലയാളി സമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അപകടത്തിന് ഉത്തരവാദിയായ ബെൽജിയൻ ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഇരുപത്തഞ്ചുകാരനായ ഇയാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലായതിനാൽ ഇനിയും മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. സംഭവത്തിന്റെ വെളിച്ചത്തിൽ റെയ്സ് റദ്ദാക്കുകയും ചെയ്തു.

ജർമനിയിലെ ഓട്ടോമൊബൈൽ ക്ലബ്ബായ എഡിഎസിയുടെ മേൽനോട്ടത്തിൽ എംഎസ്സി ക്ലബ്ബാണ് ക്രോസ് റേസിംഗ് സംഘടിപ്പിച്ചത്. ഇത്തവണ 20 രാജ്യങ്ങളിൽ നിന്നായി 220 മോട്ടോസൈക്കിൾ വിദഗ്ധർ മൽസരത്തിൽ പങ്കെടുത്തിരുന്നു. കാഴ്ചക്കാരായി പതിനായിരത്തോളം പേർ പങ്കെടുത്തു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ