ലിറ്റിൽഹാംപ്ടൺ ഫാമിലി എന്റർമെന്റ് വാർഷികം ആഘോഷിച്ചു
Tuesday, July 5, 2016 6:12 AM IST
ലണ്ടൻ: ലൈഫിന്റെ പതിനൊന്നാമത് വാർഷിക ആഘോഷങ്ങൾ ജൂലൈ രണ്ടിനു വൈകുന്നേരം അഞ്ചിന് ലിറ്റിൽഹാംപ്ടൺ യുണൈറ്റഡ് ചർച്ച് ഹാളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

പ്രസിഡന്റ് ജോസഫ് ഗ്രിഗോറി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സജി തോമസ് മാമ്പള്ളി സ്വാഗതം ആശംസിച്ചു. തുടർന്നു കുട്ടികൾക്കും മുതിർന്നവർക്കുമായി മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങൾക്ക് നൈജോ ജയിംസ്, മിലി രാജേഷ്, ഷൈനി മനോജ് നീലിയറ എന്നിവർ നേതൃത്വം നൽകി. എല്ലാ ലൈഫ് കുടുംബാംഗങ്ങളും നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളും സ്നേഹവിരുന്നിലും ആഘോഷ പരിപാടികളിലും പങ്കുചേർന്നു.

ജിബിൻ മാത്യുവിന്റെ നേതൃത്വത്തിൽ യുവാക്കളെ അണിനിരത്തിയ ഡാൻസും നൈജോ ജയിംസും കൽറ്റസ് വി. പൗലോസും അവതരിപ്പിച്ച മിമിക്രിയും മനു ചെറിയാൻ, ജേക്കബ് വർഗീസ്, ഐജു ജോസ്, സാബു വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ലഘു നാടകം എന്നിവ മികച്ച നിലവാരം പുലർത്തി.

പ്രശസ്ത ഗായിക പ്രിയ ജോമോന്റെ നേതൃത്വത്തിൽ ഗായകരായ ബിജോ കുഞ്ചെറിയ, ഡെന്നി ഡാനിയേൽ, അനുമോൾ ടിജി, ലെറ്റ്മി ജോസ്, ജൂബി നൈജോ, ചെറിയാൻ ബൊഗ്നോർ എന്നിവരുടെ ഗാനമേളക്ക് ഷാജി സ്രാമ്പിക്കുടി, ഡോൺ ഷാജി, റോണി അലക്സ് തുടങ്ങിയവർ പിന്നണി നൽകി. ജോയിന്റ് സെക്രട്ടറി ഷൈനി മനോജ് നന്ദി പറഞ്ഞു. മനു ചെറിയാന്റേയും മരിയ സോണിയുടെയും അവതരണം പരിപാടികളുടെ മാറ്റു കൂട്ടി.

ലൈഫിന്റെ ഭാവി പരിപാടികളേയും ലിറ്റിൽഹാംപ്ടൺ കാർണിവലിൽ പങ്കെടുക്കുന്നതിനേയും കുറിച്ചു പ്രസിഡന്റ് ജോസഫ് ഗ്രിഗോറിയും സെക്രട്ടറി സജി തോമസും വിശദീകരിച്ചു.

ജൂലൈ ഒൻപതിനു നടക്കുന്ന ലിറ്റിൽഹാംപ്ടൺ കാർണിവലിന്റെ സുഗമമായ നടത്തിപ്പിനായി ജോസ് കൂടത്തിനാൽ, മേരി അലക്സാണ്ടർ ഏഴരത്തു, സ്റ്റീഫൻ തോമസ്, മിലി രാജേഷ് തുടങ്ങിയവരെ തെരഞ്ഞെടുത്തു. കാർണിവലിന്റെ ചെലവുകളിലേക്കായി ചടങ്ങിൽ മെംബർമാർ സംഭാവനകൾ നൽകി. കാർണിവലിൽ ചെണ്ടമേളത്തിനു നേതൃത്വം നൽകുന്നതിനായി ഷിബു ഏബ്രഹാമിനെയും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ ടാബ്ലോ ഒരുക്കുന്നതിനായി പ്രമുഖ ആർട്ടിസ്റ്റ് രഞ്ജുഷ് നീണ്ടൂരിനെയും മാവേലിയായി വേഷമിടാൻ ജോമോൻ കുമരകത്തിനെയും ചുമതലപ്പെടുത്തി. കാർണിവലിന്റെ വൻവിജയത്തിനായി വ്യത്യസ്തമായ കേരള കലാരൂപങ്ങളും നിറപ്പകിട്ടാർന്ന മുത്തുക്കുടകളും അണിനിരത്തുവാൻ തീരുമാനിച്ചു.

ലൈഫ് അംഗങ്ങൾക്കായി യൂറോപ്യൻ ടൂർ പ്ലാൻ ചെയ്തു നടത്തുന്നതിനായി സോജൻ ചാക്കോ, റൂബിൻ ജോസഫ്, ജിത്തു വിക്ടർ ജോർജ്, മനോജ് ചെറിയാൻ, ഷിബു ഏബ്രഹാം എന്നിവരടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തി.

<ആ>റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ