മാഞ്ചസ്റ്റർ തിരുനാളിൽ അൾത്താരയ്ക്കു മുന്നിൽ പാടി ബിജു നാരായണൻ
Monday, July 4, 2016 5:19 AM IST
മാഞ്ചസ്റ്റർ: അൾത്താരയ്ക്കു മുന്നിൽ പാടുകയെന്ന പിന്നണിഗായകൻ ബിജു നാരായണന്റെ ആഗ്രഹം സാധിച്ചത് ജൂലൈ രണ്ടിലെ മാഞ്ചസ്റ്റർ ദുക്റാന തിരുനാളിൽ. തിരുനാളിന്റെ ഭാഗമായി നടന്ന ദിവ്യബലിയെത്തുടർന്നു നടന്ന സ്വീകരണ പരിപാടിയിലാണു ബിജു നാരായണൻ ഭക്‌തിഗാനം ആലപിച്ചത്.

രാവിലെ 10.30നു നടന്ന തിരുനാൾ കുർബാനയ്ക്ക് മാർ ജോർജ് പുന്നക്കോട്ടിൽ, ഷ്രൂഷ്ബറി ബിഷപ് മാർക്ക് ഡേവിസ് എന്നിവർ തിരുനാൾ കുർബാനയ്ക്ക് കാർമികത്വം വഹിച്ചു. വികാരി ജനറാൾ മോൺ. മൈക്കിൾ ഹാനൻ, യുകെ സീറോ മലബാർ കോ–ഓർഡിനേറ്റർ റവ. ഡോ. തോമസ് പാറയടിയിൽ എന്നിവരും ഒട്ടേറെ വൈദികരും സഹകാർമിരായിരുന്നു. മാർക്ക് ഡേവിസ് തിരുനാൾ സന്ദേശം നൽകി.

തുടർന്നു നടന്ന സ്വീകരണ പരിപാടിയിൽ മാർ ജോർജ് പുന്നക്കോട്ടിൽ തിരുനാൾ ആശംസകൾ നേർന്നു. തിരുനാൾ കമ്മിറ്റി കൺവീനർമാരായിരുന്ന സാബു ചുണ്ടക്കാട്ടിൽ മാർ ജോർജ് പുന്നക്കോട്ടിലിനും ബിജു ആന്റണി മാർക്ക് ഡേവിസിനും പൊന്നാടയും ഉപഹാരവും സമ്മാനിച്ചു. തുടർന്നു ട്രസ്റ്റിമാരായ സിബി പാളിയിൽ മോൺ മൈക്കിൾ ഗാഹനും റോയി ജോർജ് റവ. ഡോ. തോമസ് പാറയിടിക്കും ഉപഹാരങ്ങൾ സമ്മാനിച്ചു. ഇടവക വികാരി റവ. ഡോ. ലോനപ്പൻ അരങ്ങാശേരി ബിജു നാരായണനു നൊവേനയും ഉപഹാരവും സമ്മാനിച്ചതിനുശേഷമാണ് അദ്ദേഹം ഗാനം ആലപിച്ചത്.

തുടർന്നു നടന്ന തിരുനാൾ പ്രദക്ഷിണത്തിൽ നൂറു കണക്കിനു മുത്തുക്കുടകളുടെയും പൊൻ വെളളിക്കുരിശുകളും ഫ്ളാഗുകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചു നടന്ന പ്രദക്ഷിണം ആത്മ നിരവൃതിയായി. പ്രദക്ഷിണം തിരികെ പളളിയിൽ പ്രവേശിച്ചപ്പോൾ മാഞ്ചസ്റ്റർ മേളം ചെണ്ടയിൽ മാസ്മരിക പ്രകടനം കാഴ്ചവച്ചു. തുടർന്നു സമാപന ആശീർവാദവും തിരുശേഷിപ്പു മുത്തലും പാച്ചോർ നേർച്ചയും സ്നേഹ വിരുന്നും നടന്നു. കുട്ടികൾക്കായി മാജിക് ഷോയും വിവിധ ഗയിംമുകളും ഐസ്ക്രീം സ്റ്റാളുകളും പ്രവർത്തിച്ചപ്പോൾ മാതൃവേദിയുടെ സോഫ്റ്റ് ഡ്രിങ്ക്സ് സ്റ്റാളും നാടൻ വിഭവങ്ങളുടെ സ്റ്റാളും പ്രവർത്തിച്ചു.

തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ ഒന്നിനു വിഥിൻഷോ ഫോറം സെന്ററിൽ ബിജു നാരായണൻ നേതൃത്വം നൽകിയ ഗാനമേളയും മിമിക്സും അരങ്ങേറി.

മാഞ്ചസ്റ്റർ ദുക്റാന തിരുനാളിലെ റാഫിൾ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ജോബിൻ ജോർജിനാണ്. രണ്ടാം സമ്മാനം ജോജോ ജെ. ചിറയ്ക്കലിനും മൂന്നാം സമ്മാനം ബിനു ചാക്കോയ്ക്കുമാണ്. വിജയികൾക്ക് മൂന്നര പവൻ സ്വർണവും പത്ത് പേർക്ക് പ്രോത്സാഹന സമ്മാനവും നൽകി. റവ. ഡോ. ലോനപ്പൻ അരങ്ങാശേരിയുടെ നേതൃത്വത്തിൽ വൈദികരും കുട്ടികളുമാണ് നറുക്കെടുപ്പു നടത്തിയത്.

തിരുനാൾ ആഘോഷപരിപാടിയിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്നവർക്കും പരിപാടിയുടെ വിജയത്തിനായി സഹകരിച്ചവർക്കും റവ. ഡോ. ലോനപ്പൻ അരങ്ങാശേരയും റാഫിൾ ടിക്കറ്റ് വിതരണത്തിന്റെ വിജയത്തിന് കൺവീനർ സജി ആന്റണിയും നന്ദി പറഞ്ഞു.

<ആ>റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ