സംയുക്‌ത ഈദ്ഗാഹ് ഉണ്ടായിരിക്കില്ല; പെരുന്നാൾ നമസ്കാരം പള്ളികളിൽ
Monday, July 4, 2016 5:09 AM IST
കുവൈത്ത് സിറ്റി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് കുവൈത്ത് ഔഖാഫ്, ആഭ്യന്തരകാര്യ മന്ത്രാലയങ്ങളുടെ നിർദ്ദേശം മാനിച്ച് ഇത്തവണ ഈദുൽ ഫിത്വറിന് സംയുക്‌ത ഈദ്ഗാഹുകൾ ഉണ്ടായിരിക്കില്ലെന്നും പകരം പള്ളികളിൽ വച്ചായിരിക്കും പെരുന്നാൾ നമസ്കാരം നടക്കുകയെന്നും സംയുക്‌ത ഈദ്ഗാഹ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

നേരത്തെ കേരള ഇസ്ലമിക് ഗ്രൂപ്പും (കെഐജി) ഇന്ത്യൻ ഇസ്ലാഹി സെന്ററും (ഐഐസി) സംയുക്‌തമായി കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തവണയും സംയുക്‌ത ഈദ് ഗാഹുകൾ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ ഔഖാഫ് അധികൃതരുമായി നടത്തിയ ചർച്ചയുടെ കൂടി അടിസ്‌ഥാനത്തിലാണ് പുതിയ തീരുമാനം. രാജ്യത്തിന്റെയും രാജ്യനിവാസികളുടെയും സമാധാനവും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് കുവൈത്ത് ഗവൺമെന്റ് എടുക്കുന്ന എല്ലാ തീരുമാനങ്ങളോടും സഹകരിക്കാൻ കമ്മിറ്റി പ്രതിജ്‌ഞാബദ്ധമാണെന്നും ഭാരവാഹികൾ അറിയിച്ചു.

ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളംബരം ചെയ്ത് കഴിഞ്ഞ നാലു വർഷമായി കുവൈത്ത് മലയാളികൾക്കിടയിൽ നടന്നുവരുന്ന സംയുക്‌ത ഈദ്ഗാഹ് ഇതാദ്യമായാണു നിർത്തിവയ്ക്കുന്നത്.

പെരുന്നാൾ നമസ്കാരം അതത് സംഘടനകൾ നേതൃത്വം നല്കുന്ന പള്ളികളിൽ പുലർച്ചെ 5.10ന് ആരംഭിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ