സൗദിയിലെ യുഎസ് കോൺസുലേറ്റിന് നേരെ ചാവേർ ആക്രമണം: രണ്ടു പേർക്ക് പരിക്ക്
Sunday, July 3, 2016 11:56 PM IST
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ അമേരിക്കൻ കോൺസുലേറ്റിനു നേരെ ചാവേറാക്രമണം. രണ്ടു സുരക്ഷ ഉദ്യോഗസ്‌ഥർക്കു പരിക്കേറ്റു. ഇന്നു പുലർച്ചെയാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കളുമായെത്തിയ ചാവേർ കോൺസുലേറ്റിനു മുന്നിൽവച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ മറ്റാർക്കും പരിക്കേറ്റതായി വിവരമില്ല.

ചെറിയ പെരുന്നാളിന് രണ്ടു ദിവസം മുൻപാണ് ആക്രമണമുണ്ടായിരിക്കുന്നത്. യുഎസ് കോൺസുലേറ്റിലെ ജീവനക്കാരെ സുരക്ഷിത സ്‌ഥലത്തേക്കു മാറ്റി. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

സൗദിയിലുള്ള യുഎസ് പൗരൻമാർക്ക് കഴിഞ്ഞ ദിവസം കോൺസുലേറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു. ആക്രമണ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമായിരുന്നു മുന്നറിയിപ്പ്. 2004ൽ ജിദ്ദയിലെ കോൺസുലേറ്റിനു നേർക്കുണ്ടായ ആക്രമണത്തിൽ ഒമ്പതു പേർ കൊല്ലപ്പെട്ടിരുന്നു.