വ്യോമഗതാഗത നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനം
Sunday, July 3, 2016 10:38 PM IST
ന്യൂഡൽഹി: വ്യോമഗതാഗത നിയമത്തിൽ ഭേദഗതിവരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിനായുള്ള ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും. ടിക്കറ്റ് ക്യാൻസലേഷൻ ചാർജ് കുറയ്ക്കുകയും വിമാനം മുടങ്ങുകയോ വൈകുകയോ ചെയ്താൽ യാത്രക്കാർക്കു കൂടുതൽ തുക നഷ്‌ടപരിഹാരം ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ബില്ലിലെ പ്രധാന നിർദേശം.

ഏവിയേഷൻ ഡയറക്ടർ ജനറലാണ് ഭേദഗതികൾ സമർപ്പിച്ചിരിക്കുന്നത്. വിമാനങ്ങൾ റദ്ദാക്കുന്ന സാഹചര്യം ഉണ്ടായാൽ നിയമപരമായ എല്ലാ നികുതികളും അടക്കം തുക തിരിച്ചു നൽകണമെന്നും ശിപാർശയിലുണ്ട്.

ടിക്കറ്റ് റദ്ദാക്കുമ്പോൾ ഈടാക്കുന്ന നിരക്ക് അടിസ്‌ഥാന നിരക്കിനെക്കാൾ കൂടാൻ പാടില്ലെന്നും പണം തിരികെ ലഭിക്കുന്നതിന് അധിക ചാർജ് ഈടാക്കരുതെന്നും ഡയറക്ടർ ജനറൽ നിർദ്ദേശിച്ചു. തങ്ങളുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കപ്പടുന്നില്ലെന്ന യാത്രക്കാരുടെ പരാതികൾ വർധിച്ചതിനെത്തുടർന്നാണു നിയമത്തിൽത്തന്നെ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

നിലവിൽ 15 കിലോഗ്രാം മുതൽ 20 കിലോഗ്രാം വരെ ലഗേജിന് 300 രൂപയാണു വിമാനക്കമ്പനികൾ ഈടാക്കുന്നത്. ഇത് 100 രൂപയായി കുറയ്ക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. എയർ ഇന്ത്യ മാത്രമാണു ബാഗേജിന്റെ ഭാരം 23 കിലോ വരെ അനുവദിച്ചിട്ടുള്ളത്.

അധിക ബുക്കിംഗ് മൂലം യാത്ര നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാൽ ടിക്കറ്റ് ചാർജിനു പുറമെ വ്യവസ്‌ഥകൾക്കു വിധേയമായി 20,000 രൂപ വരെ നഷ്ടപരിഹാരം നൽകണമെന്നും ശിപാർശയിലുണ്ട്. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ 10,000 രൂപ നഷ്ടപരിഹാരം നൽകണം.

ടിക്കറ്റ് നിരക്കുകൾ തിരിച്ചു നൽകുന്നതിനുള്ള സമയപരിധി ആഭ്യന്തര സർവീസുകൾക്കു 15 പ്രവൃത്തി ദിവസവും അന്താരാഷ്ട്ര സർവീസുകൾക്കു 30 ദിവസവുമായി പുതുക്കി നിശ്ചയിച്ചു. വിദേശ സർവീസുകൾക്ക് അതാത് രാജ്യങ്ങളുടെ നിയമം അനുസരിച്ചു പ്രവർത്തിക്കാമെന്നും ശിപാർശയിൽ പറയുന്നു.

ശിപാർശകളിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനു മുമ്പ് ജനങ്ങളുടെ അഭിപ്രായം തേടുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു.