യുകെ – ഇയു വ്യാപാര ചർച്ച: ആശങ്ക വളരുന്നു
Saturday, July 2, 2016 7:59 AM IST
ബ്രസൽസ്: യൂറോപ്യൻ യൂണിയനിൽനിന്നു പിൻമാറാനുള്ള യുകെയുടെ തീരുമാനം നടപ്പാക്കുന്നതു സംബന്ധിച്ചു ഇരുപക്ഷത്തുമുള്ള രാഷ്ര്‌ടീയ നേതാക്കൾ പരസ്പര വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങളാണ് ഇതുവരെ നടത്തിവരുന്നത്. അതിനാൽ തന്നെ ഇരുപക്ഷവും തമ്മിൽ നടക്കാനിരിക്കുന്ന വ്യാപാര ചർച്ചയുടെ കാര്യത്തിൽ ആശങ്ക നിലനിൽക്കുകയും ചെയ്യുന്നു.

സ്വതന്ത്ര സഞ്ചാര സ്വാതന്ത്ര്യം അവസാനിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് യുകെ യൂണിയനിൽനിന്നു പിൻമാറിയതെന്നതാണ് വാസ്തവം. എന്നാൽ, അതോടെ യൂറോപ്പിന്റെ ഏകീകൃത വിപണിയിൽനിന്നു കൂടിയാണ് അവർ പുറത്തു പോകുന്നത്. വിപണിയിൽ തുടരാനുള്ള സാധ്യതകൾ ബ്രിട്ടീഷ് നേതാക്കൾ ഇപ്പോഴും പരിഗണിക്കുകയും ചെയ്യുന്നു.

എന്നാൽ, അങ്ങനെ ഇഷ്‌ടമുള്ള വിഭവങ്ങൾ മാത്രം ആസ്വദിക്കുക എന്ന പരിപാടി നടക്കില്ലെന്ന് ജർമനി അടക്കമുള്ള പ്രമുഖ യൂണിയൻ അംഗങ്ങളും യൂണിയൻ നേതൃത്വം തന്നെയും വ്യക്‌തമാക്കിക്കഴിഞ്ഞു.

ബ്രിട്ടനു മാത്രമായി അത്തരത്തിൽ ഒരു സ്വാതന്ത്ര്യം അനുവദിച്ചാൽ മറ്റു അംഗങ്ങളും ഇതേ പാത പിന്തുടരാനുള്ള സാധ്യത കണക്കിലെടുത്താണ് നേതൃത്വം കർക്കശ നിലപാട് ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത്.

ഇങ്ങനെയൊരു പശ്ചാത്തലത്തിൽ മറ്റേതു വിദേശ രാജ്യത്തെയും പോലെ യൂറോപ്യൻ യൂണിയനുമായി വ്യാപാര കരാറുകൾ രൂപീകരിക്കുക എന്ന സാധ്യത മാത്രമാണ് തത്കാലം യുകെയുടെ മുന്നിലുള്ളത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ