ലുഫ്താൻസയിലെ തൊഴിൽ തർക്കം പരിഹരിച്ചു
Saturday, July 2, 2016 7:58 AM IST
ബെർലിൻ: ലുഫ്താൻസ മാനേജ്മെന്റും തൊഴിലാളികളും തമ്മിൽ ദീർഘകാലമായി തുടരുന്ന തൊഴിൽ തർക്കത്തിനു പരിഹാരം. ജീവനക്കാരുടെ തൊഴിൽ സാഹചര്യങ്ങൾ സംബന്ധിച്ച തർക്കങ്ങൾക്കാണ് പരിഹാരമായിരിക്കുന്നത്.

പതിനായിരക്കണക്കിനു യാത്രക്കാരെ ഗുരുതരമായും നിരന്തരമായും ബാധിച്ച പ്രശ്നം കൂടിയാണ് തത്കാലത്തേക്ക് ശമിക്കുന്നത്.

ലുഫ്താൻസ മാനേജ്മെന്റും ക്യാബിൻ ക്രൂ യൂണിയനായ യുഎഫ്ഒയും തമ്മിൽ ഒത്തുതീർപ്പ് ധാരണ അംഗീകരിച്ചതായി യൂണിയൻ തന്നെയാണ് അറിയിച്ചിരിക്കുന്നത്. ബ്രാൻഡൻബർഗ് മുൻ പ്രസിഡന്റ് മത്യാസ് പ്ലാറ്റ്സെക്കിന്റെ മധ്യസ്‌ഥതയിലായിരുന്നു ചർച്ച.

വ്യവസ്‌ഥകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ജൂലൈ അഞ്ചിനു നടക്കുന്ന ചർച്ചയിൽ ഔദ്യോഗികമായി അംഗീകരിച്ച ശേഷമായിരിക്കും ഇതു പരസ്യപ്പെടുത്തുക.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ