ബ്രക്സിറ്റ് ഭീതി ഒഴിയുന്നു; വിപണികള്‍ തിരിച്ചു കയറുന്നു
Thursday, June 30, 2016 8:15 AM IST
ലണ്ടന്‍: ബ്രക്സിറ്റ് ഉണ്ടായാല്‍ ബ്രിട്ടനിലും യൂറോസോണിലാകെയും വന്‍ സാമ്പത്തിക തകര്‍ച്ച സംഭവിക്കുമെന്ന പ്രവചനം അസ്ഥാനത്താകുന്നു. ഏറ്റവും വെറുക്കപ്പെട്ട കറന്‍സിയാകാന്‍ പൌണ്ട് സിംബാബ്വിയന്‍ ഡോളറിനോടു മത്സരിക്കുമെന്ന അതിശയോക്തിക്കും തത്കാലം പ്രസക്തിയില്ല.

കഴിഞ്ഞ ദിവസം എഫ്ടിഎസി 100 ക്ളോസ് ചെയ്തത് രണ്ടു ശതമാനം ഉയരത്തിലാണ്. അതോടെ, ഹിതപരിശോധനാ ദിനം ഒഴിച്ചു നിര്‍ത്തിയാല്‍ ജൂണിലെ ഏറ്റവും ഉയരത്തിലുമെത്തി.

ബ്രിട്ടീഷ് വ്യാവസായിക ആരോഗ്യത്തിന്റെ കൂടുതല്‍ മികച്ച സൂചികയായ എഫ്ടിഎസ്ഇ 250യും ഇതേ നിരക്കില്‍ ഉയര്‍ന്നു. രണ്ടു സൂചികകളും വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയത് ഹിതപരിശോധന നടന്ന ദിവസമായിരുന്നു.

ഫലം വന്നപ്പോള്‍ സൂചികകളും കറന്‍സിയുടെ മൂല്യവും കുത്തനെ ഇടിഞ്ഞിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും വളരെ വേഗത്തില്‍ തന്നെ രണ്ടും തിരിച്ചു കയറി. ഇപ്പോള്‍ പൌണ്ടിന്റെ മൂല്യം സ്ഥിരത തിരിച്ചുപിടിച്ചു കഴിഞ്ഞു.

അതേസമയം, നിക്ഷേപകര്‍ യുകെയുടെ കാര്യത്തില്‍ ആത്മവിശ്വാസം ആര്‍ജിച്ചെന്നോ, പ്രതിസന്ധി പൂര്‍ണമായി ഒഴിവായെന്നോ ഇതില്‍നിന്ന് അര്‍ഥമാക്കേണ്ടതില്ലെന്നു തന്നെയാണ് വിദഗ്ധരുടെ അഭിപ്രായം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍